ഇടുക്കി: ഇടുക്കി പാമ്പ്ലയിൽ 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. രാജാക്കാട് സ്വദേശി നിഷാന്ത് (19) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കാൻ മുഖത്ത് കല്ലുകൊണ്ട് പലതവണ മർദിക്കുകയും തുടർന്ന് പെട്രോളൊഴിച്ച് മൃതദേഹം കത്തിക്കുകയും ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന.
പെൺകുട്ടിയും നിഷാന്തും പ്രണയത്തിലായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറാൻ ശ്രമിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് വിവരം. പെൺകുട്ടിയെ ഇടുക്കിയിലേക്ക് വിളിച്ചുവരുത്തിയത് നിഷാന്താണെന്ന് ബന്ധുക്കളും ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം പാമ്പ്ല ചെക്ക് പോസ്റ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇരുവരും ഏഴാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചിരുന്നവരാണെന്നും അന്നുമുതൽ സൗഹൃദമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ബന്ധത്തിൽ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് നിഷാന്തിനെതിരെ നേരത്തെയും പരാതികൾ നൽകിയിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പെൺകുട്ടിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായും അവർ പറയുന്നു.
രാജാക്കാട്, ബൈസൺവാലി മേഖലകളിലെ തോട്ടങ്ങളിൽ ജോലി ചെയ്താണ് നിഷാന്ത് ജീവിച്ചിരുന്നതെന്നാണ് വിവരം. പെൺകുട്ടിയുടെ ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.




