തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ പരക്കെ അതിശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചു. മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ടും നിലവിലുണ്ട്. കനത്ത മഴയെ തുടർന്ന് സാങ്കേതിക സർവകലാശാല (KTU) ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കഴിഞ്ഞ രാത്രി എറണാകുളം, കോട്ടയം ഉൾപ്പെടെയുള്ള മധ്യകേരളത്തിലെ ജില്ലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. കൊച്ചി നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയെയും ഉരുൾപൊട്ടൽ ഭീഷണിയെയും തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇടുക്കിയിലും മലപ്പുറത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്.
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു
തലസ്ഥാനത്തും മഴ ശക്തമായതോടെ തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. രാവിലെ എട്ടുമണിയോടെ ഡാമിന്റെ ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതമാണ് ഉയർത്തുന്നത്. ഇതിനാൽ കരമനയാറിന്റെ തീരത്തുള്ളവരും ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
മരം കടപുഴകി വീണ് വ്യാപക നാശനഷ്ടം; അത്ഭുതകരമായ രക്ഷപ്പെടൽ
ശക്തമായ കാറ്റിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടമുണ്ടായി.
- പത്തനംതിട്ട: കൂടൽ ഗവൺമെന്റ് വിഎച്ച്എസ്എസ് സ്കൂൾ കോമ്പൗണ്ടിനുള്ളിലെ ഭീമാകാരമായ ആൽമരം ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ കടപുഴകി വീണു. സ്കൂൾ സമയമല്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.
- കോട്ടയം: തൃക്കൊടിത്താനം ആരമല സ്വദേശി ബിജി ബാബുവിന്റെ വീടിന് മുകളിലേക്ക് പുരയിടത്തിലെ തേക്കും മാവിന്റെ കൊമ്പും ഒടിഞ്ഞുവീണു. അപകടസമയത്ത് വീട്ടിൽ ആളുകളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
- തൃശ്ശൂർ: എരുമപ്പെട്ടി കാഞ്ഞിരക്കോട് കല്ലൂർ മഠത്തിൽ കൃഷ്ണറാവുവിന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. വീടിന്റെ പിൻവശത്തെ ഷീറ്റ് മേഞ്ഞ ഭാഗം പൂർണ്ണമായും തകരുകയും വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
മത്സ്യബന്ധനത്തിന് വിലക്ക്
കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.




