അബൂദബി/റിയാദ്: ദുല്‍ ഹജ്ജ് പത്തിന്റെ (ജൂണ്‍ 6 വെള്ളിയാഴ്ച) സൂര്യന്‍ ഉദിച്ചതിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലി പെരുന്നാള്‍ നിസ്‌കാരവും നടന്നു. പതിവിന് വിപരീതമായി ഒമാന്‍ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇന്നാണ് പെരുന്നാള്‍. ജുമുഅ ദിവസമായ വെള്ളിയാഴ്ച പെരുന്നാള്‍ ഒത്തുവന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ബലി കര്‍മങ്ങളും ഒപ്പം ജുമുഅയും നടക്കാനുള്ളതിനാലും, വെയിലിന്റെ ചൂട് തുടങ്ങുന്നതിനു മുമ്പ് പൂര്‍ത്തിയാക്കാനുള്ളതിനാലും എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും നേരത്തെ തന്നെ പെരുന്നാള്‍ നിസ്‌കാരം നടന്നു. യുഎഇയിലെ എല്ലാ എമിറേറ്റ്‌സുകളിലും ആറുമണിക്ക് മുമ്പ് തന്നെ നിസ്‌കാരം തുടങ്ങുകയുണ്ടായി. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലും സമാനമായി തന്നെ നിസ്‌കാര സമയം നിശ്ചയിച്ചിരുന്നു.
പള്ളികളിലും മറ്റും വിശ്വാസികള്‍ പ്രാര്‍ത്ഥനകളും ആശംസകളും നല്‍കി ഈദ് അല്‍ അദ്ഹ ആഘോഷങ്ങള്‍ ആരംഭിച്ചു. പള്ളികളില്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും കൃതജ്ഞതയുടെയും അന്തരീക്ഷം നിറഞ്ഞു. പ്രായത്തിനും പശ്ചാത്തലത്തിനും അതീതമായ ഒരു വിശുദ്ധ പാരമ്പര്യം ആഘോഷിച്ച് വിശ്വാസികള്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ മുഴുകി.
ആറു ജി.സി.സി രാജ്യങ്ങളിലും വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവാസ സംഘടനകള്‍ നിരവധി ഈദ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഈദ് അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചും ബന്ധുക്കളെയും രോഗികളെയും സന്ദര്‍ശിച്ചും വ്യത്യസ്ത വിനോദ പരിപാടികളിലേര്‍പ്പെട്ടും കുടുംബങ്ങളും കൂട്ടായ്മകളും പെരുന്നാള്‍ ആഘോഷിക്കും. വേനല്‍ ചൂടിന് അല്‍പം ശമനമുള്ളതിനാല്‍ പാര്‍ക്കുകളും മറ്റു വിനോദഉല്ലാസ കേന്ദ്രങ്ങളും ജന നിബിഢമാകും.
നഗരവീഥികളില്‍ അലങ്കാരവിളക്കുകള്‍ സജ്ജീകരിക്കുകയും ഈദ് ഗാഹുകള്‍ ഒരുക്കുകയും ചെയ്തതടക്കം ഇതിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ തന്നെ കുട്ടികളും സ്ത്രീകളും കൈകളില്‍ മൈലാഞ്ചി മൊഞ്ച് പതിച്ചു. എല്ലായിടത്തും വളരെ നേരത്തേയാണ് പെരുന്നാള്‍ നിസ്‌കാരം നിശ്ചയിച്ചത്. നിസ്‌കാരത്തിന് ശേഷം പലരും ബലിയറുക്കലിന് തയ്യാറെടുക്കും. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സംഗമവും നടക്കും. കനത്ത ചൂടു കാരണം വൈകിട്ടോടെ മാത്രമായിരിക്കും ആളുകള്‍ വീടിന് പുറത്തിറങ്ങുക.
ത്യാഗത്തിന്റെ പെരുന്നാള്‍ എന്നും അറിയപ്പെടുന്ന ഈദ് അല്‍ അദ്ഹ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ്. പ്രവാചകന്‍ ഇബ്രാഹിമിന്റെ വിശ്വാസ പരീക്ഷണത്തിന്റെ സ്മരണ അയവിറക്കിയാണ് എല്ലാ വര്‍ഷവും ലോക മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്.