കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ യൂണിറ്റ് ഡിവൈ.എസ്.പി കെ. സനിൽകുമാറിനാണ് അന്വേഷണച്ചുമതല. കുട്ടിയെ കാണാതായി 70 ദിവസം പിന്നിട്ടിട്ടും വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പ്ലസ് ടു വിദ്യാർഥിയായ ശിവസൂര്യയെ ആഗസ്റ്റ് എട്ടിനാണ് കാണാതായത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങിവെച്ചതിലുള്ള മനോവിഷമത്തിൽ കാശിയിലേക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും കത്തെഴുതിവെച്ചാണ് കുട്ടി വീടുവിട്ടത്.
ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും നേരത്തെ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. വാരണാസിയിലും രാമേശ്വരത്തും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും ആഭ്യന്തര മന്ത്രിയെ കണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.




