ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ വരുന്നതില്‍ ആശയക്കുഴപ്പം. മെസി കേരളത്തിലേക്ക് വരുന്ന വിഷയം പിന്നീട് പറയാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. മത്സരവേദിയായി കൊച്ചിക്ക് ആണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്.
എന്നാല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആശങ്ക അറിയിച്ചിരുന്നു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ ഒരു കായിക ഇതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായിരിക്കുന്നത്. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നതെന്ന് ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടിയിരിക്കുന്നു. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയം മത്സരത്തിന് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാല്‍ പദ്ധതി ഉപേക്ഷിച്ചു.
ഈ വര്‍ഷം ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെ മെസി കേരളത്തില്‍ ഉണ്ടാകുമെന്നാണ് കായികമന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചത്. സൗഹൃദ മത്സരങ്ങള്‍ കൂടാതെ, ആരാധകര്‍ക്ക് കാണാന്‍ വേദി ഒരുക്കുന്നതടക്കം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏഴ് ദിവസമാണ് മെസി കേരളത്തില്‍ തുടരുക. ആരാധകര്‍ക്കായി മെസി 20 മിനിറ്റ് പൊതുവേദിയില്‍ എത്തുമെന്നാണ് മന്ത്രി അറിയിക്കുന്നത്. മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ നവംബറില്‍ സ്ഥിരീകരിച്ചിരുന്നു.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം പ്രതിനിധികള്‍ സൗഹൃദ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒന്നര മാസത്തിനകം കേരളത്തില്‍ എത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു. മെസിയും അര്‍ജന്റീനയും കേരളത്തില്‍ എത്തുന്നതോടെ അത് ചരിത്ര സംഭവമാകും. മുന്‍പ് 2011ല്‍ കൊല്‍ക്കത്തയില്‍ വെച്ച് നടന്ന അര്‍ജന്റീന വെനസ്വേല സൗഹൃദ മത്സരത്തില്‍ മെസി പങ്കെടുത്തിരുന്നു.