തിരൂര്‍ : പുതിയങ്ങാടി നേര്‍ച്ചക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ സമഗ്ര റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ല കലക്ടറുടെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. വിഷയത്തെ കലക്ടര്‍ ഗൗരവമായി കണ്ടതായി തോന്നുന്നില്ല. ആരോ പറയുന്നതുകേട്ട് റിപ്പോര്‍ട്ട് തയാറാക്കിയതാണോയെന്നും കോടതി വാക്കാല്‍ ചോദിച്ചു. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തീയതിയിലടക്കം തെറ്റുള്ളതിനാല്‍ തിരുത്താന്‍ ആവശ്യപ്പെട്ട് മടക്കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്.
2012ലെ നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥയില്‍ ഉത്സവത്തിനും മറ്റും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മിലെ അകലം സംബന്ധിച്ച് സര്‍ക്കാറിനോട് വ്യക്തത തേടി ഹൈകോടതി. ‘മതിയായ അകലം’ വേണമെന്നാണ് ചട്ടത്തില്‍ പറയുന്നത്. ഈ അകലം എത്രയാണെന്ന് വ്യക്തമാക്കാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ആനകള്‍ തമ്മില്‍ മൂന്ന് മീ. അകലം വേണമെന്ന ഇതേ ബെഞ്ചിന്റെ 2024ലെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഉത്തരവ് അപ്രായോഗികമാണെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം 2012ലെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.