സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള അന്തിമവട്ട ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ് നേതൃത്വം. മന്ത്രിസ്ഥാനങ്ങളുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസ് ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ചർച്ചകളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും പങ്കെടുക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലും മന്ത്രിമാരുടെ എണ്ണത്തിലും അന്തിമ ധാരണയിലെത്താനുള്ള നിർണായക ചർച്ചകൾക്കാണ് ഇന്ന് തലസ്ഥാനം വേദിയാകുന്നത്. ഇന്നലെ കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ചകൾക്കായി രാവിലെ പത്തരയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും. ഘടകകക്ഷികളിൽ പ്രമുഖരായ മുസ്ലിം ലീഗുമായാണ് പ്രധാന ചർച്ചകൾ നടക്കാനിരിക്കുന്നത്.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്. അതല്ലെങ്കിൽ നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയും നൽകുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്. ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് ചേരുന്ന മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന. വകുപ്പുകൾ ഏതൊക്കെയെന്നത് കോൺഗ്രസുമായുള്ള ഇന്നത്തെ ചർച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
അതേസമയം, രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന ഉഭയകക്ഷി യോഗത്തിൽ അവർ ഈ ആവശ്യം വീണ്ടും ഉന്നയിക്കും. എന്നാൽ, മന്ത്രിസ്ഥാനത്തെച്ചൊല്ലി മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ ആഭ്യന്തര തീരുമാനം. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസിന് ലഭിച്ചേക്കുമെന്നാണ് മുന്നണി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതൃത്വം ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. തിങ്കളാഴ്ച പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും, ഈ മാസം 23-ന് സ്പീക്കർ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ഇന്നത്തെ ചർച്ചകളോടെ മന്ത്രിസഭാ രൂപീകരണത്തിൽ പൂർണ്ണമായ വ്യക്തത വരും.




