ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൊണ്ട് അതിശയകരമായ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം.സ്‌കേറ്റിങ് നടത്തുന്ന മുത്തശ്ശിമാരാണ് ഇതിലെ താരങ്ങള്‍. മുംബൈയിലെ ആര്‍ട്ടിസ്റ്റ് ആഷിഷ് ജോസ് ആണ് ഈ ചിത്രങ്ങള്‍ക്കു പിന്നില്‍.താജ്മഹലിന്റെ നിര്‍മ്മാണത്തിന്റെ ദൃശ്യവും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരെ കൊച്ചു കുട്ടികളായി ചിത്രീകരിച്ചതും നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പുതിയ പുതിയ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു ചിത്രം സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ സവിശേഷം ശ്രദ്ധ പിടിച്ച് പറ്റി.
‘മിഡ്‌ജേര്‍ണി’ എന്ന ആപ്പിലൂടെയാണ് സന്തോഷത്തോടെ തെരുവില്‍ സ്‌കേറ്റിങ് നടത്തുന്ന ചിത്രങ്ങള്‍ ആഷിഷ് ജോസ് തയാറാക്കിയത്.tarqeeb എന്ന ഇന്റസ്റ്റാഗ്രാം ഐഡിയില്‍ നിന്ന് ആശിഷ് ജോസാണ് ചിത്രം പങ്കുവച്ചത്. ‘നാനിയുടെ സ്‌കേറ്റിംഗ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.സാരിയിലും പാവാടയിലും അനായാസേന സ്‌കേറ്റിങ് നടത്തുകയാണ് സ്ത്രീകള്‍.ചിലര്‍ ചട്ടയും മുണ്ടും ഉടുത്തപ്പോള്‍ മറ്റ് ചിലര്‍ ഉത്തരേന്ത്യയിലെ ഗ്രാമീണ സ്ത്രീകളുടെ വേഷവിധാനത്തിലായിരുന്നു. മറ്റ് ചിലര്‍ ചുങ്കിലും ബൗളിനും പുറമേ തോര്‍ത്ത് ചുമലിന് കുറുകെയിട്ടും സ്‌കേറ്റിംഗിന് എത്തിയിരുന്നു. ചിത്രങ്ങളെല്ലാം ഒറ്റ നോട്ടത്തില്‍ യഥാര്‍ത്ഥമാണെന്ന തോന്നലുണ്ടാക്കും. മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനകം ഒരു ലക്ഷത്തിലധികം ആളുകള്‍ ലൈക്ക് ചെയ്തു.
നാലോളം ചിത്രങ്ങളാണ് ഈ സീരീസില്‍ ഉള്ളത്. നാല് ചിത്രങ്ങളും വ്യത്യസ്തരായ എന്നാല്‍ പ്രായം ചെന്ന സ്ത്രീകള്‍ സ്‌കേറ്റിംഗ് ചെയ്യുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീകളുടെ വേഷവും സ്ഥലത്തിന്റെ പ്രത്യേകതകളും ശ്രദ്ധയില്‍പ്പെടുമ്പോള്‍ ചിത്രങ്ങള്‍ യഥാര്‍ത്ഥമാണോയെന്ന് ഒരുവേള നമ്മള്‍ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ട്. അത്രയ്ക്ക് സൂക്ഷ്മാമായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.യഥാര്‍ഥമെന്നു തോന്നിക്കുന്ന ചിത്രങ്ങള്‍ കണ്ട് ആദ്യം അമ്പരപ്പും ആശങ്കയുമുണ്ടായെന്നാണ് പലരും പറയുന്നത്.’ഇത് വളരെ മനോഹരവും എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്നതുമാണ്. പ്രായം ഒന്നിനും പരിധിയല്ല.’എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്. ‘അത് യഥാര്‍ഥ ഫോട്ടോകള്‍ അല്ലെന്നു മനസ്സിലായതോടെ എനിക്കു സമാധാനമായി. അത് ഫോട്ടോഷോപ്പാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.’ എന്നായിരുന്നു മറ്റൊരു കമന്റ്.’ഇത് ഗംഭീരം’ എന്ന് പലരും കമന്റ് ചെയ്തു.