മലപ്പുറം: ഏഴിലംപാല പൂത്തതോടെ നൂറുകണക്കിന് ചിത്രശലഭങ്ങളുടെ വർണവിസ്മയത്തിൽ മനംകവരുകയാണ് മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസ്. നീലക്കടുവ, അരളിശലഭം തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട ചിത്രശലഭങ്ങളാണ് പൂത്തുനിൽക്കുന്ന ഏഴിലംപാല മരങ്ങളിൽ കൂട്ടമായെത്തിയിരിക്കുന്നത്. മരച്ചില്ലകളിലും പൂക്കൾക്കിടയിലും കൂട്ടംകൂടിയിരിക്കുന്ന വർണശലഭങ്ങൾ ക്യാമ്പസിന് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
ഏഴിലംപാല പൂക്കളുടെ സുഗന്ധവും തേനും ചിത്രശലഭങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. തുലാവർഷത്തിന്റെ വരവോടെ പശ്ചിമഘട്ട മലനിരകളിലേക്ക് ചിത്രശലഭങ്ങളുടെ ദേശാടനം സജീവമാകാറുണ്ട്. പൂർവഘട്ടത്തിൽ നിന്ന് പശ്ചിമഘട്ടത്തിലേക്ക് ദശലക്ഷക്കണക്കിന് നീലക്കടുവ, കോമൺ ക്രോ വിഭാഗങ്ങളിൽപ്പെട്ട ചിത്രശലഭങ്ങളാണ് ഈ കാലയളവിൽ ദേശാടനം നടത്തുന്നത്. യാത്രയ്ക്കിടയിലെ വിശ്രമത്തിനും ഭക്ഷണം കണ്ടെത്തുന്നതിനുമായാണ് ഇവ ക്യാമ്പസിലെ മരങ്ങളിൽ കൂട്ടമായി തമ്പടിക്കുന്നത്.
ഭക്ഷണം കണ്ടെത്തുന്നതിനപ്പുറം ചിത്രശലഭങ്ങളുടെ ജീവിതചക്രത്തിലും ഏഴിലംപാല പോലുള്ള സസ്യങ്ങൾക്ക് പ്രധാന പങ്കുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാനും ഇണകളെ ആകർഷിക്കാനും ആവശ്യമായ ഫിറമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കുന്ന ആൽക്കലോയിഡുകൾ ഇത്തരം സസ്യങ്ങളിൽനിന്ന് ചിത്രശലഭങ്ങൾ ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൂക്കളിൽനിന്ന് തേൻ നുകരുന്നതിനൊപ്പം അതിജീവനത്തിന് ആവശ്യമായ ഘടകങ്ങളും ഇവ സ്വാംശീകരിക്കുന്നു.
ചിത്രശലഭങ്ങളുടെ വരവും ദേശാടനവും അവയുടെ സ്വഭാവസവിശേഷതകളും അടുത്തറിയാൻ കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. ജൈവവൈവിധ്യ ക്ലബിന്റെയും ഭൂമിത്രസേനാ ക്ലബിന്റെയും സഹകരണത്തോടെയാണ് പഠനപ്രവർത്തനങ്ങൾ. ചിത്രശലഭങ്ങളുടെ എണ്ണം, വിവിധ ഇനങ്ങൾ, സസ്യങ്ങളുമായുള്ള ബന്ധം, ദേശാടനരീതികൾ തുടങ്ങിയവയാണ് പഠനവിധേയമാക്കുന്നത്.
പശ്ചിമഘട്ട താഴ്വരയോട് ചേർന്നുകിടക്കുന്ന മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിന്റെ ജൈവസമ്പന്നത വിളിച്ചോതുന്നതാണ് ഈ ശലഭസാന്നിധ്യം. പ്രകൃതിയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ജൈവപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു എന്നതിന്റെ മനോഹരമായ ഉദാഹരണമായി മാറുകയാണ് ക്യാമ്പസിലെ ഈ വർണശലഭവിരുന്ന്.




