തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി ഇന്ന് ആറുമാസം പൂർത്തിയാക്കുന്നു. പ്രിയദർശിനി പദ്ധതി, ഓപ്പറേഷൻ തൂഫാൻ, വയോജന വകുപ്പ് രൂപീകരണം തുടങ്ങിയവ സർക്കാരിന്റെ പ്രധാന നേട്ടങ്ങളായി ഉയർത്തിക്കാട്ടുമ്പോഴും തുടർച്ചയായ വിവാദങ്ങൾ സർക്കാരിന് വെല്ലുവിളിയാകുകയാണ്.
ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി, കോളേജ് വിദ്യാർഥിനികൾക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇനിയും നടപ്പായിട്ടില്ല. അതേസമയം, കൂടിയാലോചനയില്ലാതെ മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതി മന്ത്രിമാർക്കിടയിൽ നിന്നുതന്നെ ഉയരുന്നത് സർക്കാരിനുള്ളിലെ അസ്വാരസ്യങ്ങൾ വ്യക്തമാക്കുന്നു.
ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള അംഗങ്ങളുടെ പട്ടികയെച്ചൊല്ലിയുള്ള ഭിന്നതയും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പട്ടികയിൽ ഒരു വിഭാഗം മന്ത്രിമാർ ഒപ്പിടാത്തത് ചർച്ചയായിരിക്കുകയാണ്. മന്ത്രിസഭാ യോഗത്തിലും വിഷയം ഉയരുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
വിവാദമായ വൈദ്യുതി കരാറുകളും സർക്കാരിന് തലവേദനയായിട്ടുണ്ട്. കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇതിനിടെ മന്ത്രിമാർക്കായി 24 പുതിയ കാറുകൾ വാങ്ങാനുള്ള തീരുമാനം, എം.എൽ.എമാരുടെയും മന്ത്രിമാരുടെയും ശമ്പളവർധന, ഐപാഡ് വാങ്ങൽ എന്നിവയും വിവാദങ്ങൾക്ക് വഴിവെച്ചു.
ആറുമാസം പൂർത്തിയാക്കുമ്പോൾ ചില പദ്ധതികൾ നേട്ടമായി ഉയർത്തിക്കാട്ടുമ്പോഴും ഭരണത്തിനുള്ളിലെ ഭിന്നതകളും പൂർത്തിയാകാത്ത പ്രഖ്യാപനങ്ങളും വിവാദങ്ങളും സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളായി തുടരുകയാണ്.




