കൊച്ചി: ദത്തെടുക്കപ്പെട്ട കുട്ടി എല്ലാ അർത്ഥത്തിലും മാതാപിതാക്കളുടെ സ്വന്തം കുട്ടിയാണെന്ന് കേരള ഹൈക്കോടതി. ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ കുട്ടി പുതിയ കുടുംബത്തിലെ അംഗമായി മാറുമെന്നും കോടതി വ്യക്തമാക്കി. സർക്കാർ രേഖകളിൽ ദത്തുപുത്രൻ, ദത്തുപുത്രി എന്നീ വിശേഷണങ്ങൾ ഒഴിവാക്കി മകൻ, മകൾ എന്ന് മാത്രം രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ഇതിനായി ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ ദത്തുപുത്രൻ, ദത്തുപുത്രി എന്നീ ഓപ്ഷനുകൾ ഉടൻ നീക്കം ചെയ്യണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.
ഒരു മാസം പ്രായമുള്ളപ്പോൾ ദത്തെടുക്കപ്പെട്ട യുവതി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
2023-ൽ അമ്മ മരിച്ചപ്പോൾ ലഭിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ യുവതിയെ ‘മകൾ’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഒരു വർഷത്തിനുശേഷം പിതാവ് മരിച്ചപ്പോൾ ലഭിച്ച സർട്ടിഫിക്കറ്റിൽ ‘ദത്തുപുത്രി’ എന്ന് രേഖപ്പെടുത്തി. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ചില ബന്ധങ്ങൾ ജനനത്തിലൂടെയും മറ്റു ചിലത് ദത്തെടുക്കലിലൂടെയുമാണ് ഉണ്ടാകുന്നത്. വഴികൾ വ്യത്യസ്തമാണെങ്കിലും മകൻ, മകൾ എന്നീ വിശേഷണങ്ങളിൽ ഈ വ്യത്യാസം പ്രതിഫലിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. ദത്തെടുത്ത കുട്ടികളെ കുടുംബം സ്വന്തം മക്കളായാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരിക്ക് നേരത്തെ നൽകിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി, ‘ദത്തുപുത്രി’ എന്നതിന് പകരം ‘മകൾ’ എന്ന് രേഖപ്പെടുത്തി പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് നിർദേശം നൽകി.
1956-ലെ ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട്, 2015-ലെ ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം നിയമപരമായ ദത്തെടുക്കൽ പൂർത്തിയാകുന്നതോടെ കുട്ടിക്ക് ജന്മം നൽകിയ കുട്ടികൾക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളും ലഭിക്കും. ദത്തെടുക്കുന്നതോടെ ജന്മകുടുംബവുമായുള്ള നിയമപരമായ ബന്ധങ്ങൾ അവസാനിക്കുകയും പുതിയ കുടുംബത്തിലെ പൂർണ അവകാശിയായി കുട്ടി മാറുകയും ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.




