ഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിൽ ബിജെപി എംപിയും നടിയുമായ കങ്കണ റണൗത്തിനെതിരെ കേസെടുത്ത് ഹിമാചൽ പ്രദേശ് പൊലീസ്. സോണിയ ഗാന്ധിയെ നിഗൂഢയായ വിദേശപൗരയെന്ന് വിശേഷിപ്പിച്ചുള്ള പോസ്റ്റിനെതിരെയാണ് നടപടി.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നും ഗാന്ധി കുടുംബാംഗങ്ങളുടെ മരണങ്ങളിൽ സംശയം ജനിപ്പിക്കുന്ന തരത്തിൽ പോസ്റ്റ് പങ്കുവെച്ചെന്നുമാണ് ഷിംല സ്വദേശിയുടെ പരാതി.
സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുമായി ബന്ധപ്പെട്ട് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്.
ഭാരതീയ ന്യായ സംഹിതയിലെ 196, 353, 356 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ തുടർ അന്വേഷണം നടക്കുകയാണെന്ന് ഷിംല പൊലീസ് സൂപ്രണ്ട് ഗൗരവ് സിംഗ് അറിയിച്ചു.
സഞ്ജയ് ഗാന്ധിയുടെ മരണശേഷം ഭാര്യ മനേക ഗാന്ധിയെ കുടുംബവസതിയിൽ നിന്ന് പുറത്താക്കിയെന്ന കങ്കണയുടെ അവകാശവാദവും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
രാഷ്ട്രീയ വിമർശനത്തിനപ്പുറം പ്രകോപനപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് പോസ്റ്റുകളിലൂടെ നടന്നതെന്നാണ് പരാതിക്കാരന്റെ ആരോപണം.




