ഭോപ്പാൽ: രസഗുളയെന്ന് കരുതി നാടൻ ബോംബ് വായിലിട്ട യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. പഡാരിയ ഛാന്ത് ഗ്രാമത്തിലെ രാജേന്ദ്ര ബറോട്ടിയയാണ് മരിച്ചത്. കാട്ടുപന്നികളെ കൊല്ലാൻ ഉപയോഗിക്കുന്ന നാടൻ ബോംബാണ് യുവാവ് അബദ്ധത്തിൽ വായിലിട്ടത്.
ഭക്ഷണം കഴിച്ച ശേഷം വീടിന് മുന്നിൽ വിശ്രമിക്കുകയായിരുന്ന രാജേന്ദ്രയുടെ അടുത്തേക്ക് അയൽവാസിയായ രാം ഭാഗത്ത് ബറോട്ടിയ എത്തുകയായിരുന്നു. രസഗുളയാണെന്ന് പറഞ്ഞ് ഇയാൾ രാജേന്ദ്രയ്ക്ക് ബോംബ് നൽകിയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് ബോംബ് വായിലിട്ടതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




