ഡൽഹി: വോട്ടർ പട്ടികയിൽ മൂന്ന് ശതമാനം വരെ വർധന; കരട് പട്ടിക പ്രസിദ്ധീകരിച്ചു. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന് (SSR) പിന്നാലെ ഒൻപത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ വോട്ടർമാരുടെ എണ്ണത്തിൽ 0.1 മുതൽ മൂന്ന് ശതമാനം വരെ വർധന രേഖപ്പെടുത്തി.
ഗോവയിലാണ് ഏറ്റവും കൂടുതൽ വർധന. ഇവിടെ മൂന്ന് ശതമാനം വോട്ടർമാർ വർധിച്ചു. രാജസ്ഥാനിൽ 2.2 ശതമാനവും കേരളത്തിലും മധ്യപ്രദേശിലും 1.5 ശതമാനവും പുതുച്ചേരിയിൽ 1.3 ശതമാനവും വർധനയുണ്ടായി.
എസ്.ഐ.ആറിനെതിരെ വ്യാപക പ്രതിഷേധങ്ങളും വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങളും ഉയർന്നതിന് പിന്നാലെയാണ് എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ എസ്.എസ്.ആർ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.
രാജസ്ഥാനിൽ മാത്രം ഏകദേശം 11 ലക്ഷം വോട്ടർമാരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്.ഐ.ആർ നടപടിക്കിടെ നിരവധി വോട്ടർമാർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന പ്രതിപക്ഷ ആരോപണത്തിന് പുതിയ കണക്കുകൾ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
കരട് പട്ടികയിൽ പേരില്ലാത്തവർക്കും മറ്റ് പരാതികളുള്ളവർക്കും നിശ്ചിത സമയപരിധിക്കുള്ളിൽ പരാതി സമർപ്പിക്കാം. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.




