പാലക്കാട്: 3.85 ലക്ഷം രൂപയുടെ 11 എസികളുമായി മുങ്ങിയ പ്രതി അറസ്റ്റിൽ. വ്യാപാരിയെ കബളിപ്പിച്ച് മൂന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന എയർ കണ്ടീഷണറുകളുമായി മുങ്ങിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരിന്തൽമണ്ണ വട്ടപ്പറമ്പ് ആമ്പാടത്ത് മുഹമ്മദ് ഫിറോസ് (40) ആണ് മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്.
വീടുകളിൽ നേരിട്ടെത്തി എസികൾ വിൽക്കാനാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതി വ്യാപാരിയിൽ നിന്ന് എയർ കണ്ടീഷണറുകൾ വാങ്ങിയത്. സെപ്റ്റംബർ 15-ന് കുമരംപുത്തൂരിലെ കടയിൽ നിന്നാണ് 3.85 ലക്ഷം രൂപ വിലവരുന്ന 11 എസികൾ പ്രതി കൈക്കലാക്കിയത്. പകരമായി വ്യാപാരിക്ക് ചെക്കും നൽകി.
എന്നാൽ ചെക്കുമായി ബാങ്കിലെത്തിയപ്പോഴാണ് വ്യാപാരി കബളിപ്പിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് കടയുടമ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പെരിന്തൽമണ്ണയിൽ നിന്ന് പിടികൂടിയത്.
സംഭവത്തിൽ ഫിറോസിന്റെ സഹായികൾക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




