അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയായ എസ്ഐആറിലൂടെ 2.29 കോടി വോട്ടർമാർ കുറഞ്ഞതായി കണക്കുകൾ. ആകെ വോട്ടർമാരുടെ എണ്ണത്തിൽ 12.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ കുറവുണ്ടായത് ഉത്തർപ്രദേശിലാണ്. അതേസമയം, എസ്ഐആറുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദവും ശക്തമാകുകയാണ്.
ഉത്തർപ്രദേശിൽ മാത്രം വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ജനുവരി ഒന്നിന് മുമ്പ് 18 വയസ്സ് തികയുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്.
അതിനിടെ, പശ്ചിമ ബംഗാളിലെ എസ്ഐആർ ട്രൈബ്യൂണലുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിച്ചു. അപ്പീൽ ഉത്തരവുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും.
എസ്ഐആറിലൂടെ ഒഴിവാക്കപ്പെട്ടത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഒഴിവാക്കപ്പെട്ടവരിൽ മൂന്ന് കോടി പേർ നുഴഞ്ഞുകയറ്റക്കാരാണെന്നതിന് തെളിവ് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. അതേസമയം, പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ ബിജെപിയുടെ പദയാത്രകളും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തുടരുകയാണ്.




