സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. നവംബർ മൂന്ന് മുതൽ സമരം ആരംഭിക്കുമെന്ന് ബസുടമകളുടെ സംയുക്ത സംഘടന കൊച്ചിയിൽ അറിയിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ സമരത്തിൽ പങ്കെടുക്കില്ല.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ വരുമാനം കുറഞ്ഞതോടെ ഡീസൽ ചെലവിനും ജീവനക്കാർക്ക് മാന്യമായ വേതനം നൽകുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണെന്നാണ് ബസുടമകളുടെ വാദം. ഈ നഷ്ടം നികത്താൻ സാമ്പത്തിക ആനുകൂല്യം അനുവദിക്കണമെന്നും മിനിമം ബസ് ചാർജ് 15 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ നിരക്ക് അഞ്ച് രൂപയായി ഉയർത്തണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ.
ദൈനംദിന ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ബസ് ചാർജ് പരിഷ്കരിക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. ടൈമിങ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യമുണ്ട്.
നേരത്തെ, നവംബർ മുതൽ സർവീസുകൾ പൂർണമായി നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 14ന് ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു.
പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ് സംഘടനകളുടെ ആവശ്യം. സമരം ആരംഭിച്ചാൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകളെ ബാധിക്കാനിടയുണ്ട്.




