കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് എന്നിവരടക്കമുള്ളവർക്ക് തിരിച്ചടി. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിന് ഡിവിഷൻ ബെഞ്ച് അനുമതി നൽകിയില്ല. പ്രത്യേക അനുമതി നൽകാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, അപ്പീൽ അനുമതി തേടിയുള്ള അപേക്ഷകൾ തള്ളി.
ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. പി.എ. മുഹമ്മദ് റിയാസ്, ടി. വീണ, ഹസൻ വാരിസ് എന്നിവരും അപ്പീൽ അനുമതി തേടി കോടതിയെ സമീപിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രതിപക്ഷ നേതാവടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
വിജിലൻസ് കേസെടുത്തതിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് കേസുകളിൽ ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ഇസിഐആറുകളുടെ എണ്ണം മൂന്നായെന്നാണ് റിപ്പോർട്ട്. സിഎംആർഎല്ലിൽനിന്ന് ടി. വീണയ്ക്ക് ലഭിച്ച പണം പിണറായി വിജയന് നൽകിയ കൈക്കൂലിയാണെന്നാണ് ഇഡിയുടെ കണ്ടെത്തലെന്ന് റിപ്പോർട്ടിൽ പറയുന്നു. പി.എ. മുഹമ്മദ് റിയാസിനെതിരെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. കേസിൽ തുടർനടപടികൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.




