കൊല്ലത്തെ സ്ത്രീധന പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും പ്രതി നന്ദു ദിനേശ് കൈപ്പറ്റിയെന്നാണ് പരാതി. ബാക്കിയുണ്ടായിരുന്ന പണവും യുവതിയെ നാട്ടിലെത്തിക്കുന്നതിന് മുമ്പ് നന്ദു സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് വിവരം.
20 പവനിലധികം സ്വർണാഭരണങ്ങൾ പ്രതിയുടെ വീട്ടിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ നന്ദുവിന്റെ വീടുപൂട്ടി മാതാപിതാക്കളും മാറിനിന്നതായാണ് വിവരം.
യുവതിയുടെ പരാതിയിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇന്നലെ സൗദിയിൽ നിന്ന് നന്ദു നാട്ടിലെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലും പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ നന്ദു എത്തിയില്ല.
രണ്ടാം പ്രതിയായ നന്ദുവിന്റെ പിതാവ് ദിനേശിനെയും മൂന്നാം പ്രതിയായ മാതാവ് ജഗതമ്മയെയും കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ഇന്ന് രാവിലെയും നന്ദുവിന്റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
പ്രതിയെ കണ്ടെത്തുന്നതിനായി സൗദിയിലെ ഇന്ത്യൻ എംബസിയുമായും ചവറ പൊലീസ് ബന്ധപ്പെട്ടു. നന്ദുവിന്റെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പുത്തൻതുറ സ്വദേശിനിയായ യുവതിക്ക് ഭർത്താവിൽ നിന്ന് നേരിടേണ്ടിവന്നത് ക്രൂരമായ മർദ്ദനമാണെന്നാണ് പരാതി. ശരീരമാസകലം മുറിവേറ്റ പാടുകളോടെയാണ് യുവതി ചികിത്സയിൽ കഴിയുന്നത്.
പ്രഷർ കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ, ബെൽറ്റ് തുടങ്ങിയവ ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. സൗദിയിൽവെച്ചാണ് മർദ്ദനമേറ്റത്. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നും യുവതിയുടെ പിതാവ് ആരോപിച്ചു.
ഭർത്താവിന് സംശയരോഗമാണെന്നും ബെൽറ്റ്, ഇടികല്ല്, കുക്കർ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചെന്നും യുവതി പ്രതികരിച്ചു. കരഞ്ഞ് കാൽപിടിച്ചിട്ടും മർദ്ദനം നിർത്തിയില്ലെന്നും യുവതി പറഞ്ഞു.
ഫോണും ലാപ്ടോപ്പും ഭർത്താവ് കൈവശപ്പെടുത്തിയെന്നും, നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് വീട്ടുകാരാണ് എടുത്തുനൽകിയതെന്നും യുവതി പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം കരയോഗത്തിലേക്കാണ് കൊണ്ടുപോയതെന്നും, അവിടെയും ഭർതൃവീട്ടുകാർക്ക് അനുകൂലമായ നിലപാടാണ് ഉണ്ടായതെന്നും യുവതി ആരോപിച്ചു.
മർദ്ദിച്ചശേഷം മുറിവുകളുടെ ദൃശ്യങ്ങൾ പ്രതി ഫോണിൽ പകർത്തിയെന്നും, ഭീഷണിപ്പെടുത്തി മോശം ഓഡിയോ സന്ദേശങ്ങൾ വീട്ടുകാർക്ക് അയച്ച് തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും യുവതി വെളിപ്പെടുത്തി.
രണ്ട് മാസം മുമ്പാണ് വിവാഹം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.




