മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് കിഴിശ്ശേരി മുണ്ടംപറമ്പിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ ഷൗക്കത്തിന്റെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ട് മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ഷൗക്കത്തിന്റെ ബന്ധുവുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. പരാതികളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായാണ് വിവരം.
അതിനിടെ, മോട്ടോർ വാഹനവകുപ്പ് ഓഫീസുകളിലെ ഏജന്റുമാരുടെ ഇടപെടൽ അവസാനിപ്പിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടി.പി. അഷ്റഫലി പറഞ്ഞു. രണ്ട് തവണ പെർമിറ്റ് നൽകിയിരുന്ന ഓട്ടോറിക്ഷയ്ക്ക് മൂന്നാം തവണ പെർമിറ്റ് നൽകാതിരുന്നതിന്റെ കാരണം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഏജന്റ് മുഖേന സമീപിച്ചിരുന്നെങ്കിൽ ഷൗക്കത്തിന് പെർമിറ്റ് ലഭിക്കുമായിരുന്നുവെന്ന് സുഹൃത്ത് അബൂബക്കർ ആരോപിച്ചു. രണ്ട് തവണ പെർമിറ്റ് ലഭിച്ചിരുന്ന ഷൗക്കത്തിന്റെ ഓട്ടോറിക്ഷയ്ക്ക് മൂന്നാം തവണ ഏജന്റ് വഴി പണം നൽകാത്തതിനാലാണ് പെർമിറ്റ് നിഷേധിച്ചതെന്നാണ് അബൂബക്കറിന്റെ ആരോപണം.
സംഭവത്തിൽ ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ എൻ. പ്രശാന്ത് ഐഎഎസും രംഗത്തെത്തി. അധികാരം മനുഷ്യരുടെ തലയിലേക്ക് അഹങ്കാരത്തിന്റെ കിക്ക് കയറ്റുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഷൗക്കത്തിന്റെ ആത്മഹത്യയെന്ന്, ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി പ്രശാന്ത് രേഖപ്പെടുത്തി.
അതേസമയം, ഷൗക്കത്തിനെ വ്യക്തിഹത്യ ചെയ്തെന്ന ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാകിറും രംഗത്തെത്തി.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായോ, ഏജന്റുമാരുടെ ഇടപെടൽ ഉണ്ടായിരുന്നോ തുടങ്ങിയ ആരോപണങ്ങളാണ് സംഭവത്തോടെ ഉയരുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.




