ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച സാമൂഹ്യപരിഷ്‌കർത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു.
ജാതിവിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ ശക്തമായി നിലകൊണ്ട ഗുരുവിന്റെ ദർശനങ്ങൾ ഇന്നും സമൂഹത്തിന് വഴികാട്ടിയാണ്.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍’ എന്ന സന്ദേശത്തിലൂടെ മനുഷ്യസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ ആശയം ഗുരു മുന്നോട്ടുവച്ചു. വിഭാഗീയതകളുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യർ സമാധാനത്തോടെ കഴിയുന്ന ലോകമായിരുന്നു ഗുരുവിന്റെ സ്വപ്നം.
സമൂഹത്തിൽ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ വിദ്യാഭ്യാസത്തിന്റെയും സംഘടനയുടെയും പ്രാധാന്യം ഗുരു തിരിച്ചറിഞ്ഞു. ‘സംഘടിച്ച് ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക’ എന്ന ആഹ്വാനം സാമൂഹിക മുന്നേറ്റത്തിന് പുതിയ ദിശ നൽകി.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജീവിതത്തിന്റെ വിധിയായി കരുതിയിരുന്ന ജനവിഭാഗങ്ങൾക്ക് ഗുരുദർശനങ്ങൾ പുത്തനുണർവേകി.
അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. സമത്വവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ള ഗുരുവിന്റെ കാഴ്ചപ്പാടുകൾക്ക് പുതിയകാലത്തും ഏറെ പ്രസക്തിയുണ്ട്.
ജാതി, മത, വർഗീയ വേർതിരിവുകൾ സമൂഹത്തെ ഭിന്നിപ്പിക്കുന്ന കാലത്ത് ഗുരുദർശനങ്ങൾ കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കേണ്ടതുണ്ട്.
മനുഷ്യരാശിയുടെ യാത്രാവഴികളിൽ എന്നും പ്രകാശം പകരുന്ന കെടാവിളക്കായി ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ നിലനിൽക്കുന്നു.




