തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ ബെവ്കോയും കൺസ്യൂമർഫെഡും വഴി 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.
കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപനയായിരുന്നു നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിൽപനയിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്.
ഉത്രാട നാളിൽ മാത്രം 126 കോടി
ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവിൽപന നടന്നെന്നാണ് സർക്കാർ കണക്കുകൾ. കൺസ്യൂമർഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
ഓണത്തോടനുബന്ധിച്ച് ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഓണക്കാലത്തെ മദ്യവിൽപനയിൽ ഇത്തവണയും വൻ വർധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ സംസ്ഥാനത്ത് ഏത് മദ്യശാലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നതെന്ന കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല.




