ന്യൂഡൽഹി: കനത്ത മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിനുള്ളിൽ വെള്ളം ഒലിച്ചിറങ്ങിയതായി ആരോപിച്ച് കോൺഗ്രസിന്റെ വിമർശനം. പാർലമെന്റ് മന്ദിരത്തിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നതിന്റെയും പുറത്തുള്ള വെള്ളക്കെട്ടിന്റെയും ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു.
കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് വീഡിയോ എക്സിലൂടെ പങ്കുവെച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് 1,200 കോടി രൂപ ചെലവഴിച്ചെന്നും മഴക്കാലത്ത് സ്ഥിതി പരിതാപകരമാണെന്നും സുപ്രിയ ശ്രീനേത് കുറിച്ചു.
പാർലമെന്റ് മന്ദിരത്തിന് പുറത്ത് വെള്ളം കെട്ടിനിൽക്കുന്നതിന്റെയും അകത്ത് വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് കോൺഗ്രസ് എം.പി. രേണുക ചൗധരിയും കേന്ദ്രസർക്കാരിനെ വിമർശിച്ചു. “പുതിയ പാർലമെന്റിന് വോട്ടല്ല, ബോട്ടുകളാണ് വേണ്ടത്” എന്ന പരിഹാസത്തോടെയാണ് രേണുക ചൗധരി പ്രതികരിച്ചത്.
ചൊവ്വാഴ്ച രാവിലെ രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. എയിംസ് ഫ്ലൈഓവർ ലൂപ്പിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗത തടസ്സവും നേരിട്ടു.
തിങ്കളാഴ്ച പെയ്ത കനത്ത മഴയിലും ഡൽഹിയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. എയിംസ്, ഭിക്കാജി കാമ പ്ലേസ്, ബാബ ഖരക് സിംഗ് മാർഗ്, ആർ.കെ. പുരം സെക്ടർ ഒന്ന്, ശാന്തി പാത് തുടങ്ങിയ മേഖലകളിലാണ് വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തത്.




