തിരുവനന്തപുരം: കേരളത്തിലെ എംബിബിഎസ് വിദ്യാർഥികൾക്ക് ആശ്വാസമായി മെഡിക്കൽ പ്രവേശന തീയതി നീട്ടി. പ്രവേശന നടപടികൾ ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെയാണ് നീട്ടിയത്.
ആദ്യ അലോട്ട്‌മെന്റ് പ്രകാരം ഓഗസ്റ്റ് 23നും 28നും ഇടയിൽ വിദ്യാർഥികൾ പ്രവേശനം നേടേണ്ടതായിരുന്നു. പ്രവേശനത്തിനായി ലഭിച്ച ആറ് ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുന്ന ദിവസങ്ങൾ രണ്ടെണ്ണം മാത്രമായിരുന്നതാണ് വിദ്യാർഥികൾക്ക് പ്രതിസന്ധിയായത്.
പ്രത്യേകിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടേണ്ട വിദ്യാർഥികൾക്കായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. ചെല്ലാൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കുന്നതിലും അവധി ദിവസങ്ങളിലെ ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുമെന്നായിരുന്നു വിദ്യാർഥികളുടെ ആശങ്ക.
മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി റിപ്പോർട്ടർ വാർത്തയാക്കിയതിന് പിന്നാലെയാണ് സർക്കാർ ഇടപെടൽ ഉണ്ടായത്. പ്രവേശന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു.
എൻട്രൻസ് കമ്മീഷണർ നേരത്തെ പുറത്തിറക്കിയ വിജ്ഞാപനപ്രകാരം ഓഗസ്റ്റ് 28 വരെയായിരുന്നു പ്രവേശന തീയതി. കേരളത്തിലെ ഓണം അവധിയാണ് പ്രവേശന നടപടികളിൽ പ്രതിസന്ധിക്ക് കാരണമായത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ അവധി ബാധകമല്ലാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ആവശ്യമായ സമയം ലഭിക്കാത്ത സ്ഥിതിയായിരുന്നു.
സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പ്രവേശന നടപടികൾക്കുള്ള തീയതി ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 5 വരെ നീട്ടിയത്.




