ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് കലർത്തിയതായി പരാതി. ഭക്ഷണം കഴിച്ച നാല്‍പ്പതോളം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള വിദ്യാർഥികളിൽ 17 പേർ പെൺകുട്ടികളാണ്.
നളന്ദയിലെ പാരാസി മിഡിൽ സ്കൂളിലാണ് സംഭവം. എൻജിഒ വഴിയാണ് സ്കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങ് കറിയുമായിരുന്നു ഭക്ഷണം.
സോയാബീൻ കറിയിൽ ഉപ്പ് കുറവായിരുന്നതിനാൽ കുട്ടികൾ പാചകക്കാരനോട് ഉപ്പ് ആവശ്യപ്പെട്ടു. തുടർന്ന് ഉപ്പാണെന്ന് കരുതി പാചകക്കാരൻ ഡിറ്റർജന്റ് നൽകുകയായിരുന്നുവെന്നാണ് സ്കൂൾ പ്രധാനാധ്യാപകൻ ശൈലേന്ദ്ര കുമാർ സിങ് പറയുന്നത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു. സംഭവം അറിഞ്ഞതോടെ ആശങ്കയിലായ മാതാപിതാക്കൾ ആശുപത്രിയിൽ എത്തി.
നിലവിൽ ചികിത്സയിലുള്ള വിദ്യാർഥികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞതിനെ തുടർന്ന് ബിഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
സ്കൂളിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്ത് എങ്ങനെയാണ് ഡിറ്റർജന്റ് എത്തിയതെന്നതിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സ്കൂളിലേക്കുള്ള ഭക്ഷണവിതരണ സംവിധാനവും പരിശോധിക്കും.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കിയ ശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




