‘ജനാധിപത്യവും മതേതരത്വവും തുല്യതയും നമ്മുടെ കരുത്ത്’; സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സംസ്ഥാനം. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. ദേശീയഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തൽ. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല.

തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽനിന്ന് പുഷ്പവൃഷ്ടി നടന്നു. വിവിധ സേനാവിഭാഗങ്ങൾ, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ദുരന്തമുഖത്തെ അതിജീവിച്ചാണ് കേരളം മുന്നോട്ടുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരെ സർക്കാർ ചേർത്തുപിടിക്കും. നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയമായ സമീപനങ്ങളാണ് സർക്കാർ തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിയും മതവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാൻ കഴിയണമെന്നും ജനാധിപത്യബോധവും മതേതരത്വവും തുല്യതയുമാണ് നാടിന്റെ കരുത്തും ഊർജവുമെന്നും വി ഡി സതീശൻ പറഞ്ഞു. ഇക്കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ്വാതന്ത്ര്യദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുട്ടികളും ചെറുപ്പക്കാരും പരീക്ഷാനടത്തിപ്പ് മുതൽ തൊഴിലവസരങ്ങളുടെ കുറവ് വരെയുള്ള നിരവധി പ്രശ്നങ്ങളുടെ നടുവിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കർഷകരും തൊഴിലാളികളും തീരദേശവാസികളും നിരവധി വെല്ലുവിളികൾ നേരിടുന്നു. പുതുതലമുറയെ ചേർത്തുപിടിച്ച് ഓരോ ചുവടും മുന്നോട്ടുവയ്ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക വളർച്ചയും വികസനവും അനിവാര്യമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. ജനാധിപത്യ സംവിധാനത്തിലെ ക്ഷേമപ്രവർത്തനങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ഒരു ദുരന്തമുഖത്ത് നിന്നാണ് നമ്മള്‍ അതിജീവിച്ച് വന്നത്. നിരവധി സഹോദരങ്ങളുടെ ജീവന്‍ നഷ്ടമായി. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്ത് നിര്‍ത്തും. എപ്പോഴുമെന്ന പോലെ ഒറ്റക്കെട്ടായി നമ്മള്‍ ഏത് പ്രതിസന്ധികളെയും അതിജീവിക്കും. പ്രളയ ദുരന്തങ്ങള്‍ നേരിടാന്‍ ശാസ്ത്രീയമായ സംവിധാനമാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. എല്ലാവരുടേയും പിന്തുണയോടെ നമ്മള്‍ അത് നടപ്പാക്കും

ഒരു 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി. ലോകം ഉറങ്ങിയപ്പോള്‍ ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പുലരിയിലേക്കും കണ്‍തുറന്നു. അന്ന് ത്രിവര്‍ണ പതാക ഉയര്‍ത്തി, പ്രതീക്ഷയുടെ നറുവെളിച്ചം പരത്തിക്കൊണ്ട് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തോട് പറഞ്ഞു:-

‘വരും ദിനങ്ങള്‍ എളുപ്പമുള്ളതോ വിശ്രമത്തിന്റേതോ അല്ല. നിരന്തര പ്രയത്നത്തിന്റെ കാലമാണ് വരുന്നത്. നമ്മള്‍ നമ്മളോടു ചെയ്ത പ്രതിജ്ഞകളും ഇന്നു കൈക്കൊള്ളുന്ന പ്രതിജ്ഞയും യാഥാര്‍ഥ്യമാക്കാനുമുള്ളതാണ് ഇനിയുള്ള ഓരോ ദിവസങ്ങളും. ഇന്ത്യയ്ക്കു വേണ്ടി സേവനമനുഷ്ഠിക്കുകയെന്നാല്‍ കഷ്ടത അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയെന്നതാണ് അര്‍ത്ഥം. പട്ടിണിയും നിരക്ഷരതയും രോഗപീഡകളും അസമത്വവും ഇല്ലാതാക്കുകയെന്നതാണ് ആ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുമാറ്റുകയെന്നാണ് നമുക്കിടയിലെ മഹദ് വ്യക്തികള്‍ ആഗ്രഹിച്ചത്. അത് യാഥാര്‍ഥ്യമാക്കുക എളുപ്പമല്ല, പക്ഷെ കണ്ണീരും കഷ്ടപ്പാടുമുള്ള കാലത്തോളം നമ്മുടെ കഠിനാധ്വാനം അവസാനിക്കുന്നില്ലെന്ന് പ്രതിജ്ഞ ചെയ്യാം.’

രാജ്യവും ലോകവും കേരളവും ഇന്ന് പ്രത്യേകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധവും എല്ലാം നഷ്ടപ്പെട്ടുള്ള പലായനങ്ങളും അനാഥത്വവും ഒരുവശത്ത്. സാമ്പത്തിക പ്രശ്നങ്ങളും കാലാവസ്ഥാ മാറ്റവും കാര്‍ഷിക പ്രതിസന്ധിയും മറുവശത്ത്. ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുന്നതും ആവര്‍ത്തിക്കുന്ന കഥയായിക്കഴിഞ്ഞു. ഏറ്റവും സൂക്ഷ്മമായി പ്രശ്‌നങ്ങളെ അപഗ്രഥിച്ച്, ഭാവിയെ നോക്കികണ്ട്, പുതുതലമുറയെ ചേര്‍ത്തു പിടിച്ച് ഓരോ ചുവടും മുന്നോട്ട് വയ്ക്കേണ്ട സമയമാണിത്.

ജനാധിപത്യം നിരന്തരമായ സംവേദനമാണ്. എതിര്‍പ്പും ചോദ്യം ചെയ്യലും തുറന്ന സംഭാഷണവും തിരുത്തലും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഏകവിളതോട്ടത്തില്‍ ഒരേയിനം മനുഷ്യരെ വളര്‍ത്തി, ഒരേ ഭാഷയും ഒരേ വിശ്വാസവും ഒരേ ജീവിത ശൈലിയും വളര്‍ത്തുന്ന, ഏത് വ്യത്യസ്തതയെയും ഭയക്കുന്ന വെറുപ്പിന്റെ തുരുത്തുകളും വര്‍ഗീയതയുടെ ഇരുളിടങ്ങളും സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. തുറന്ന മനസ്, സഹിഷ്ണുത, സംവാദം, തിരുത്തല്‍, നവീകരണം എന്നിവയിലൂന്നിയ കരുത്തുറ്റ ജനാധിപത്യത്തെ കാത്തു സൂക്ഷിക്കുന്ന കാവല്‍ക്കാരും പോരാളികളുമായി നമുക്ക് മാറാം. മഹാത്മജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങി അനേകം സമര ഭടന്മാര്‍ക്കുള്ള ഏറ്റവും വലിയ സല്യൂട്ടും അതാണ്.

രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക വളര്‍ച്ചയും വികസനവും വേണം. തൊഴിലുകള്‍ സൃഷ്ടിക്കപ്പെടണം. കൃഷി ഉള്‍പ്പെടെയുള്ള അടിസ്ഥാന മേഖലകള്‍ക്ക് വികസനവും സംരക്ഷണവും വേണം. ഒപ്പം കാലാവസ്ഥാ മാറ്റമെന്ന വന്‍പ്രതിസന്ധിയെ നേരിടാനാകണം. വികസന ഫലങ്ങള്‍ എല്ലാവരിലേക്കും എത്തണം. വികസനം ഏതാനും പേര്‍ക്കായുള്ളതല്ല. സര്‍വതലസ്പര്‍ശിയായ വികസനവും സമ്പത്തിന്റെ ന്യായമായതും നീതിപൂര്‍വകമായതുമായ വിതരണവുമാണ് ഒരു സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവം. അവിടെ വികസനം എന്നത് ജനപക്ഷത്ത് നിന്നുള്ളതായിരിക്കും. അതിന് മുന്‍ഗണനാക്രമങ്ങളുണ്ടാകും.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ആരുടെയും ഔദാര്യമല്ല. അത് അവകാശമാണ്. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും നല്‍കേണ്ട സംരക്ഷണം എന്നിവ ഇക്കാലത്ത് അതീവ പ്രധാനമാണ്. അതോടൊപ്പം പുതുതലമുറക്ക് ഇവിടെ പഠിക്കാനും തൊഴിലെടുക്കാനും സ്വന്തം കാലില്‍ അഭിമാനത്തോടെ നില്‍ക്കാനുമുള്ള വഴിയൊരുക്കണം. ലഹരി എന്ന മഹാവിപത്തിനെ പടിയിറക്കണം. നാട്ടില്‍ സമാധാനവും സുരക്ഷയും പുലരണം. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും മെച്ചപ്പെടണം. ഇവ ഈ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയിലുള്ളവയാണ്. ഇത് പ്രായോഗികമാക്കാനുള്ള നയസമീപനവും പരിപാടികളുമാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.

ഇന്ത്യയുടെ ഭരണഘടന പോലെ മറ്റൊന്നില്ല. അത് ഒരു ജനതയുടെ അഭിമാനവും ഉറപ്പും പ്രതീക്ഷയും ഭാവിയെ കരുപ്പിടിപ്പിക്കുന്ന ചാലകശക്തിയുമാണ്. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, പ്രവര്‍ത്തന സ്വാതന്ത്ര്യം. ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കുമുള്ള പ്രത്യേക പരിഗണന എന്നിവ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ ഒരു പരിസരം രാജ്യത്ത് ശക്തി പ്രാപിക്കുന്ന കാലഘട്ടം കൂടിയാണിത്. ജീവിതകാലം മുഴുവന്‍ രാഷ്ട്രീയ രംഗത്ത് നിന്ന നിരവധി തവണ ഭരണഘടനാ പദവിയില്‍ ഇരുന്ന രാജ്യത്തെ തലമുതിര്‍ന്ന നേതാവ് പോലും ജാതിവെറിയുടേയും തൊട്ടുകൂടായ്മയുടെയും പേരില്‍ അപമാനിക്കപ്പെട്ടത് കഴിഞ്ഞെ ദിവസം നമ്മള്‍ കണ്ടതാണ്. എന്ത് സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നത്? നമ്മുടെ രാജ്യം അവിടെ നിന്നൊക്കെ ഒരുപാട് മുന്നോട്ട് നടന്നതാണ്. ഇനിയും ആ ഇരുണ്ട കാലത്തേക്ക് തിരിച്ചു പോകരുത്. അത്തരം ശ്രമങ്ങള്‍ ഉണ്ടായാല്‍ അതിനെ നഖശിഖാന്തം എതിര്‍ക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്. നമ്മുടെ ഭരണഘടനയും അതു ഉറപ്പു നല്‍കുന്ന അടിസ്ഥാന തത്വങ്ങളായ മതേതരത്വവും തുല്യതയും സ്വാതന്ത്ര്യവും സോഷ്യലിസവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രത്യേക ശ്രദ്ധയോടെയും ജാഗ്രതയോടെയും കരുതലോടെയും പ്രവര്‍ത്തിച്ചേ മതിയാകൂ. ഭരണഘടനാതത്വങ്ങള്‍ക്കും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നമ്മള്‍ അണിനിരക്കേണ്ട സമയമാണിത്.

മഹാത്മജിയും ബാബാസാഹേബ് അംബ്ദേക്കറും ജവഹര്‍ലാല്‍ നെഹ്രുവും അബദുള്‍കലാം ആസാദും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച ആദര്‍ശങ്ങള്‍ക്കും പ്രവര്‍ത്തന രീതികള്‍ക്കും മുന്‍പെന്നത്തേക്കാളും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഈ കാലഘട്ടത്തില്‍ പ്രാധാന്യം കൈവന്നിരിക്കുന്നു. നാടെങ്ങും ചെറുപ്പക്കാര്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഇതിന് ഉദാഹരണമാണ്. അവ കണ്ടില്ലെന്നു നടിക്കുന്നത് അക്ഷന്തവ്യമായ തെറ്റുമാണ്. നമ്മുടെ യുവത രാഷ്ട്രീയ ബോധ്യങ്ങള്‍ ഇല്ലാത്തവരല്ല. അവര്‍ എല്ലാം കാണുന്നും കേള്‍ക്കുന്നും മനസിലാക്കുന്നുമുണ്ട്. തിരുത്തല്‍ ശക്തിയാകാനും ഭാവിയില്‍ തെളിമയോടെ രാജ്യത്തെ നയിക്കാനുമുള്ള കരുത്ത് അവര്‍ക്കുണ്ട്. സമീപകാല സംഭവങ്ങള്‍ അതാണ് തെളിയിക്കുന്നത്. നമ്മുടെ യുവതയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്.

എല്ലാവരെയും ചേര്‍ത്തു പിടിക്കുന്ന, നന്മ പ്രദാനം ചെയ്യുന്നതും പ്രകൃതിക്കും മനുഷ്യനും ഇണങ്ങുന്നതുമായ വികസനമാണ് നമ്മുടെ സ്വപ്നം. അനാവശ്യമായി പരസ്പരം പോരടിച്ചും മനുഷ്യരെ ഭയപ്പെടുത്തിയും അപകീര്‍ത്തിപ്പെടുത്തിയും ലഹരിക്ക് അടിമപ്പെട്ടും വികസന വിരുദ്ധത ആയുധമാക്കിയും ഇനിയും നമുക്ക് മുന്നോട്ടു പോകാനാകില്ല. ആധുനികവും നീതിയുക്തവുമാകണം നമ്മുടെ കാഴ്ചപ്പാട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായ പരിഗണന ലഭിക്കണം. പുതുയുഗ കേരളം എന്നത് വെറും വാക്കല്ല, അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു ആശയമാണ്. അതിനായി നമുക്ക് ഒരുമിച്ചു നില്‍ക്കാം, വിശ്രമമില്ലാതെ പ്രയത്നിക്കാം, പോരാടാം. ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസില്‍ സൂക്ഷിക്കാം. എല്ലാവര്‍ക്കും ഊഷ്മളമായ സ്വാതന്ത്ര്യ ദിനാശംസകള്‍.

spot_img

Related news

ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷയിൽ മാറ്റം. ഓണാഘോഷ ദിനത്തിൽ നടക്കേണ്ടിയിരുന്ന എട്ടാം...

മുഖ്യമന്ത്രിയെ വിമർശിച്ച വാർത്തകൾ നീക്കം ചെയ്തു; മെറ്റയോട് വിവരം തേടി കേരള പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമർശിക്കുന്നതും വിമർശിക്കുന്നതുമായ വാർത്തകൾ...

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാന്‍സ് 20,000; വിതരണം ഓഗസ്റ്റ് 20 മുതൽ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും ഓണം അഡ്വാൻസും...

‘വസ്ത്രധാരണത്തിലും സ്വാതന്ത്ര്യം’; തൃത്താലയിൽ വേറിട്ട സ്വാതന്ത്ര്യദിനാഘോഷം; ലുങ്കിയുടുത്ത് പതാക ഉയർത്തി  വി.ടി. ബൽറാം എംഎൽഎ

പാലക്കാട്: ലുങ്കിയുടുത്ത് ദേശീയപതാക ഉയർത്തി വി.ടി. ബൽറാം എംഎൽഎ. തൃത്താല പഞ്ചായത്തിന്റെ...

മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...