ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി.
കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകൾ, അഴുകിയ പച്ചക്കറികൾ, പൂപ്പൽ ബാധിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബെംഗളൂരുവിലെ നിരവധി ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വകുപ്പ് പരിശോധന നടത്തി.
പരിശോധനയുടെ ഭാഗമായി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചു. ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ പരിധിയിലെ എല്ലാ മേഖലകളിലും ഇന്നലെ പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
ഹോട്ടൽ അടുക്കളകളിലെ ശുചിത്വക്കുറവ്, കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഫംഗസ് ബാധിച്ച പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കളുടെ അശാസ്ത്രീയമായ സംഭരണം എന്നിവ ഉൾപ്പെടെയുള്ള നിരവധി വീഴ്ചകളാണ് കണ്ടെത്തിയത്.
ഹോട്ടലുകളിൽ നിന്നുള്ള പരിശോധനാ ദൃശ്യങ്ങളും പുറത്തുവന്നു. ഒരു ജീവനക്കാരൻ ക്ഷമാപണം നടത്തി ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ചില ഹോട്ടലുകളിൽ സസ്യാഹാരവും മാംസാഹാരവും പ്രത്യേകം സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യവസ്തുക്കളുടെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതടക്കമുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർബന്ധിത ലേബലിംഗ് ചട്ടങ്ങളുടെ ലംഘനവും കണ്ടെത്തിയിട്ടുണ്ട്.
വീഴ്ചകൾ കണ്ടെത്തിയ ഹോട്ടലുകൾക്ക് അധികൃതർ നോട്ടീസ് നൽകി. നിയമ വ്യവസ്ഥകളും ലബോറട്ടറി പരിശോധനാ ഫലങ്ങളും അടിസ്ഥാനമാക്കിയായിരിക്കും തുടർനടപടികളെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.




