അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബൂലോസ് ആലപ്പുഴയിൽ. വിനോദയാത്രയുടെ ഭാഗമായാണ് മൈക്കൽ ബൂലോസ് ആലപ്പുഴയിലെത്തിയത്.
രാവിലെ ചാർട്ടേഡ് വിമാനത്തിൽ ബെംഗളൂരുവിലെത്തിയ അദ്ദേഹം അവിടെ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ശേഷമാണ് ആലപ്പുഴയിലേക്ക് തിരിച്ചത്.
എട്ട് അംഗ സംഘമാണ് മൈക്കൽ ബൂലോസിനൊപ്പമുള്ളത്. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ആലപ്പുഴയിലെത്തിയ മൈക്കൽ ബൂലോസ് സ്പൈസ് റൂട്ട് ഹൗസ് ബോട്ടിൽ യാത്ര ആരംഭിച്ചു. ഇന്ന് വൈകുന്നേരം വരെ ആലപ്പുഴയിൽ തുടർന്ന ശേഷം കൊച്ചിയിലേക്ക് മടങ്ങും.
വള്ളംകളി കാണാനും മൈക്കൽ ബൂലോസ് താൽപര്യം പ്രകടിപ്പിച്ചു. പുന്നമട കായലിൽ നടക്കുന്ന ചുണ്ടൻവള്ളങ്ങളുടെ ട്രയലും അദ്ദേഹം വീക്ഷിച്ചു. നിരണം ചുണ്ടന്റെയും പി.ബി.സിയുടെയും ട്രയലാണ് മൈക്കൽ ബൂലോസ് കണ്ടത്.
രണ്ട് ചുണ്ടൻവള്ളങ്ങളുടെ ട്രയൽ കൂടി വീക്ഷിച്ച ശേഷമായിരിക്കും അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങുക.
അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ ബൂലോസ്, ടിഫാനി ട്രംപുമായുള്ള വിവാഹത്തിലൂടെയാണ് ഡൊണൾഡ് ട്രംപിന്റെ മരുമകനായത്. അമേരിക്കൻ വ്യവസായിയും നയതന്ത്രജ്ഞനുമായ മസാദ് ബൂലോസാണ് അദ്ദേഹത്തിന്റെ പിതാവ്.




