കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ രീതിയെ ചൊല്ലി വിവാദം. ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണ് മൃതദേഹം തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടമായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ രീതിക്കെതിരെ വിമർശനം ശക്തമാകുന്നു.
പരിയാരം മെഡിക്കൽ കോളജിൽ നിന്ന് രാജേഷിന്റെ മൃതദേഹം ഫ്രീസർ സംവിധാനമില്ലാത്ത ആംബുലൻസിലാണ് തൃശ്ശൂർ ചാവക്കാട് വരെ എത്തിച്ചതെന്നാണ് ആരോപണം. പിന്നീട് ചാവക്കാട് എത്തിയപ്പോൾ മറ്റൊരു ആംബുലൻസിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. മൃതദേഹം മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇങ്ങനെ മൃതദേഹം കൊണ്ടുപോകുന്നത് ശരിയായ രീതിയല്ലെന്ന് ആംബുലൻസ് ഡ്രൈവർമാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയതെന്നാണ് വിവരം. മൃതദേഹം എംബാം ചെയ്യാമായിരുന്നുവെന്നും ഡ്രൈവർമാർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂർ മീൻതുള്ളി തുരുത്തിൽ ഒറ്റപ്പെട്ടുപോയ ഒരാളെ രക്ഷിക്കുന്നതിനിടെയാണ് രാജേഷ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. സാഹസിക കായിക ഇനമായ റെപ്പലിങ്ങിലെ പരിശീലകനും ദുരന്തമുഖങ്ങളിലെ സജീവ രക്ഷാപ്രവർത്തകനുമായിരുന്ന രാജേഷിനെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും പിന്നീട് മൃതദേഹമാണ് കണ്ടെത്തിയത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായിരുന്ന രാജേഷിന്റെ കുടുംബത്തിന് സ്വന്തമായി പൂർത്തിയായ ഒരു വീടുപോലുമില്ലെന്ന് നാട്ടുകാർ നേരത്തെ പ്രതികരിച്ചിരുന്നു. രാജേഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും കുടുംബത്തിന് സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മൃതദേഹം കൊണ്ടുപോയ രീതിയെക്കുറിച്ചുള്ള ആരോപണങ്ങൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




