ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒമ്പതുവയസുകാരന്റെ അമ്മ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിനെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. സിങ്ക്കണ്ടം സ്വദേശിനി മാരി (36) കൊല്ലപ്പെട്ട സംഭവത്തിൽ കൃത്യമായ ആനുകൂല്യങ്ങളും സുരക്ഷാ ഉറപ്പും ലഭിക്കാതെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
ഇന്ന് രാവിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ദക്ഷനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുന്നതിനിടയിലാണ് മാരി കാട്ടാനയുടെ മുന്നിൽപ്പെടുന്നത്. ആന മാരിയെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ മകൻ ദക്ഷനും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് യുവതികൾക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ മുതൽ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നുവെന്നും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നുവെന്നുമാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.
എന്നാൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. പ്രദേശത്ത് കാട്ടാനയുണ്ടെന്ന വിവരം ജനങ്ങളെ കൃത്യമായി അറിയിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടുവെന്ന് മാരിയുടെ സഹോദരൻ പറഞ്ഞു. “എന്റെ പെങ്ങൾക്ക് ഭർത്താവില്ല. ഈ രണ്ട് കൊച്ചുകുട്ടികളെ ഇനി ആര് നോക്കും? വനംവകുപ്പാണ് ഇതിന് പൂർണ്ണ ഉത്തരവാദി. ഒരു കൃത്യമായ തീരുമാനമാകാതെ ബോഡി ഇവിടെനിന്ന് കൊണ്ടുപോകാൻ സമ്മതിക്കില്ല,” സഹോദരൻ വിതുമ്പലോടെ പറഞ്ഞു.
ഇവിടെ ഒരു ആനയാണ് ചത്തതെങ്കിൽ ഡി.എഫ്.ഒ ഉൾപ്പെടെ ലോകത്തുള്ള ഉദ്യോഗസ്ഥരെല്ലാം ഓടിയെത്തുമായിരുന്നുവെന്നും, എന്നാൽ മനുഷ്യൻ മരിക്കുമ്പോൾ അധികൃതർക്ക് മൗനമാണെന്നും നാട്ടുകാർ അമർഷം പ്രകടിപ്പിച്ചു. ആനയിറങ്ങുന്നത് തടയാൻ ശാശ്വത പരിഹാരം കാണണമെന്നും, അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധം തുടരുകയാണ്. പ്രദേശത്ത് നിലവിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.




