പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെടേണ്ടി വന്ന പാലക്കാട് പല്ലശന സ്വദേശിയായ ഒമ്പതുവയസുകാരി വിനോദിനിക്ക് ഭാവിയിൽ സർക്കാർ ജോലി ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ കൈ നഷ്ടപ്പെടാൻ ഇടയാക്കിയത് പൂർണ്ണമായും സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർണായക ശിപാർശ.
പെൺകുട്ടിയുടെ തുടര്‍പഠനത്തിനായി സർക്കാർ ഏറ്റെടുത്തിട്ടുള്ള സാമ്പത്തിക സഹായം 21 വയസുവരെ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് പാലക്കാട് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. വിനോദിനിയുടെ ചികിത്സാ-വിദ്യാഭ്യാസ ചെലവുകൾ 21 വയസുവരെ സർക്കാർ തന്നെ വഹിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഭാവിയിൽ കുട്ടിക്ക് ജോലി ലഭിക്കുന്നതിന് തടസമാകരുതെന്നും, വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.
സഹോദരനൊപ്പം കളിക്കുന്നതിനിടയിൽ വീണ് പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇവിടെ നൽകിയ ചികിത്സയിലെ പിഴവ് മൂലം കൈയിൽ കടുത്ത നീർക്കെട്ട് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടിയെ അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈയിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അന്ന് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തതൊഴിച്ചാൽ കുറ്റക്കാർക്കെതിരെ മറ്റ് കർശന നടപടികളൊന്നും പിന്നീട് ഉണ്ടായിട്ടില്ല. വൻതുക കടം വാങ്ങിയാണ് നിർധനരായ മാതാപിതാക്കൾ കുട്ടിയുടെ തുടർച്ചയായ ചികിത്സ നടത്തിയത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ ഭാവിയും കുടുംബത്തിന്റെ അവസ്ഥയും പരിഗണിച്ച് ബാലാവകാശ കമ്മീഷന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്.




