സംസ്ഥാനത്ത് ജൂൺ 15 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ സെക്രട്ടേറിയറ്റിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പദ്ധതിയുടെ തുടക്കത്തിൽ കോർപ്പറേഷന് അധിക ബാധ്യത വരാത്ത രീതിയിൽ തുക പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ജൂൺ 15 മുതൽ തന്നെ യാഥാർത്ഥ്യമാകും. എന്നാൽ, ആദ്യത്തെ 100 ദിവസം ഈ ആനുകൂല്യം കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ലഭ്യമാകുക.
നൂറു ദിവസത്തെ സർവീസുകളിൽ നിന്നുള്ള ലാഭനഷ്ട കണക്കുകൾ കൃത്യമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടാൻ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി മറ്റ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
നിലവിൽ ഒരൊറ്റ ഓർഡിനറി ബസ് സർവീസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളിൽ പുതിയ ബസുകൾ സർവീസ് നടത്തുന്ന കാര്യം ഗതാഗത വകുപ്പ് പ്രത്യേകം പരിഗണിക്കും. യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ തന്നെ എല്ലാ സ്ത്രീകൾക്കും ഈ സൌജന്യ യാത്ര അനുവദിക്കാനാണ് സർക്കാർ നീക്കം.
പദ്ധതിക്കാവശ്യമായ തുക പൂർണ്ണമായും സർക്കാർ നേരിട്ട് കെഎസ്ആർടിസിക്ക് നൽകും. അതുകൊണ്ടുതന്നെ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോർപ്പറേഷന് ഈ പദ്ധതി പുതിയൊരു ബാധ്യതയായി മാറില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, പദ്ധതി നടപ്പിലാക്കുന്നതിലെ ആശങ്ക പ്രകടിപ്പിച്ച് കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി മൂലമുണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ തന്നെ ഏറ്റെടുക്കണമെന്നാണ് സിഐടിയുവിന്റെ നിലപാട്. അല്ലെങ്കിൽ പദ്ധതി കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ, സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം പൂർണ്ണമായി നികത്തുന്നതിനായി കെഎസ്ആർടിസിയെ സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യത്തിലാണ് ബിഎംഎസ് ഉറച്ചുനിൽക്കുന്നത്.
യൂണിയനുകളുടെ ഭാഗത്തുനിന്ന് കടുത്ത ആശങ്കകൾ ഉയരുന്നുണ്ടെങ്കിലും, തുക സർക്കാർ നേരിട്ട് നൽകുമെന്ന ഉറപ്പോടെ ജൂൺ 15 മുതൽ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.




