ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ തേരോട്ടം തുടരുന്നു. 2026-ന്റെ ആദ്യപാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണായി ആപ്പിളിന്റെ ഐഫോൺ 17 മാറി. കഴിഞ്ഞ വർഷം ഐഫോൺ 16 കൈപ്പിടിയിലൊതുക്കിയ ഒന്നാം സ്ഥാനം ഇത്തവണ പുതുപുത്തൻ ഫീച്ചറുകളുമായി എത്തിയ ഐഫോൺ 17 നിലനിർത്തിയിരിക്കുകയാണ്.
കൗണ്ടർപോയിന്റ് റിസർച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2026-ലെ ആദ്യ മൂന്ന് മാസത്തെ ആകെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ ആറ് ശതമാനം വിപണി വിഹിതം ഐഫോൺ 17 സ്വന്തമാക്കി.
- വിപണിയിലെ മുന്നേറ്റം: അമേരിക്ക, ചൈന എന്നീ വമ്പൻ വിപണികളിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി വളർച്ചയാണ് ഐഫോൺ 17 രേഖപ്പെടുത്തിയത്. പട്ടികയിൽ രണ്ടാമത് ഐഫോൺ 17 പ്രോ മാക്സും മൂന്നാം സ്ഥാനത്ത് ഐഫോൺ 17 പ്രോയുമാണ് ഇടംപിടിച്ചിരിക്കുന്നത്.
എന്തുകൊണ്ട് ഐഫോൺ 17? ഉപഭോക്താക്കൾ ഇത്തവണ ഐഫോൺ 17-ലേക്ക് ഇത്രയധികം ആകർഷിക്കപ്പെടാൻ ചില പ്രധാന കാരണങ്ങളുണ്ട്:
- ഡിസ്പ്ലേ വിപ്ലവം: ഐഫോൺ 16-ൽ ഉണ്ടായിരുന്ന 60 ഹെർട്സ് ഡിസ്പ്ലേയ്ക്ക് പകരം, 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഹൈ-എൻഡ് ഡിസ്പ്ലേയാണ് ആപ്പിൾ ഐഫോൺ 17-ൽ അവതരിപ്പിച്ചത്. പ്രോമോഷൻ സാങ്കേതികവിദ്യ കൂടി എത്തിയതോടെ ഡിസ്പ്ലേ അനുഭവം കൂടുതൽ സുഗമമായി.
- അതിവേഗ പ്രകടനം: കരുത്തുറ്റ എ19 ചിപ്പ് (A19 Chip) ആണ് ഈ ഫോണിന്റെ ഹൃദയം. ഇത് ആൻഡ്രോയിഡ് ഫോണുകളെക്കാൾ മികച്ച ഗെയിമിംഗ് അനുഭവവും പെർഫോമൻസും ഉറപ്പുനൽകുന്നു.
- ക്യാമറ മികവ്: 48 മെഗാപിക്സൽ മെയിൻ ക്യാമറയും, 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ചേരുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. വീഡിയോ റെക്കോർഡിംഗിൽ ഐഫോൺ 17 സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൂടാതെ 18 മെഗാപിക്സലിന്റെ സെന്റർ-സ്റ്റേജ് സെൽഫി ക്യാമറയും മികച്ച അപ്ഗ്രേഡാണ്.
ബാറ്ററിയും ചാർജിംഗും: മികച്ച ബാറ്ററി ലൈഫിനൊപ്പം മാഗ്സേഫ് (MagSafe) ചാർജിംഗ് സാങ്കേതികവിദ്യയും സ്മാർട്ട്ഫോൺ പ്രേമികളെ ഐഫോൺ 17-ലേക്ക് അടുപ്പിക്കുന്ന ഘടകങ്ങളാണ്.
അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷം 120 ഹെർട്സ് ഡിസ്പ്ലേ പോലെയുള്ള ഫീച്ചറുകൾ അടിസ്ഥാന മോഡലിലും ലഭ്യമാക്കിയത് ആപ്പിളിന് വിപണിയിൽ വൻ നേട്ടമുണ്ടാക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.




