തൃശൂര്‍: പാണഞ്ചേരി പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി മാടക്കത്തറ നിവാസികള്‍. മാലിന്യ കൂമ്പാരവുമായി പ്ലാന്റിലേക്ക് പോകുന്ന ലോറികളില്‍ നിന്നുള്ള അസഹനീയ ദുര്‍ഗന്ധവും മാലിന്യ അവശിഷ്ടങ്ങളും കാരണം ഒരു വര്‍ഷത്തിലേറെയായി ദുരിതത്തിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മാലിന്യ കൂമ്പാരവുമായി ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന ലോറികളില്‍ നിന്നും വമിക്കുന്ന രൂക്ഷ ദുര്‍ഗന്ധവും റോഡിലേക്ക് പതിക്കുന്ന മലിന ജലം, രക്തം, അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നു.
പാണഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ അനധികൃതമായി സ്വകാര്യ കോഴി മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നു എന്നാണ് ആരോപണം. മാടക്കത്തറ പഞ്ചായത്തിലൂടെ വേണം പ്ലാന്റിലേക്ക് എത്താന്‍. കഴിഞ്ഞ ഒരു വര്‍ഷമായി പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട്. സഹികെട്ട് നാട്ടുകാര്‍ മുന്‍കൈയെടുത്താണ് റോഡും പരിസരവും വൃത്തിയാക്കുന്നത്. മറ്റു വഴികളില്ലാതെയാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അനധികൃതമായാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതായി മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് ഇടപെട്ട് ഈ മാസം ഒന്നാം തീയതി സ്‌റ്റോപ്പ് മെമോ നല്‍കിയെങ്കിലും, ഇപ്പോഴും പ്ലാന്റ് പ്രവര്‍ത്തനം തുടരുന്നു എന്നും ആരോപണമുണ്ട്. പ്ലാന്റ് അടച്ചുപൂട്ടുന്നത് വരെ സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.