മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നിന്നുള്ള പ്രാദേശിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ടറായ മുകേഷ് ചന്ദ്രാകറാണ് മരിച്ചത്. 28 വയസായിരുന്നു. അടുത്തിടെ മുകേഷ് റിപ്പോര്‍ട്ട് ചെയ്ത അഴിമതി വാര്‍ത്തയില്‍ കുറ്റാരോപിതനായ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ജനുവരി ഒന്നിനാണ് മുകേഷിനെ കാണാതായത്. മാവോയിസ്റ്റ് സ്വാധീന മേഖലയായ ബസ്തറില്‍ 120 കോടിയുടെ അഴിമതി റോഡ് നിര്‍മ്മാണത്തില്‍ നടന്നെന്ന് മുകേഷ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഭവത്തില്‍ കുറ്റാരോപിതനായിരുന്നു സുരേഷ്. റിപ്പോര്‍ട്ടിന് പിന്നാലെ സുരേഷിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സുരേഷ് ചന്ദ്രാകറിന്റെ അനുജനുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അനുജനെ കാണാതായെന്ന് ആരോപിച്ച് മുകേഷിന്റെ ജേഷ്ഠനാണ് പൊലീസിനെ സമീപിച്ചത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സുരേഷ് ചന്ദ്രാകറെയും സഹോദരന്‍ റിതേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളുമാണ് കേസില്‍ നിര്‍ണായകമായതെന്ന് പൊലീസ് പറഞ്ഞു.