അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു ; ആഗസ്തില്‍ 90 ശതമാനം മഴക്കുറവ്

പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ അധിക വൈദ്യുതി ഉല്‍പ്പാദനം അസാധ്യമായതും പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ ദിവസവും 15 കോടി രൂപവരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താന്‍ ബുധനാഴ്ച അവലോകനയോഗം ചേരും. സെക്രട്ടറിയറ്റില്‍ വൈകിട്ട് നാലിന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് യോഗം വിളിച്ചത്.

കെഎസ്ഇബി നിയന്ത്രണത്തിലുള്ള അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ ശരാശരി 37 ശതമാനം വെള്ളമാണുള്ളത്. ഇടുക്കിയില്‍ 32 ശതമാനമായി താഴ്ന്നു. സാധാരണ ആഗസ്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനയിരുന്നു. മഴക്കാലത്ത് അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഇതര സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നിടത്താണ് ഉല്‍പ്പാദനത്തില്‍ വലിയ കുറവുണ്ടാകുന്ന അസാധാരണ സാഹചര്യം. ദിവസവും പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇങ്ങനെ വാങ്ങുമ്പോള്‍ അതതു ഘട്ടത്തില്‍ത്തന്നെ പണം കൈമാറണം. ദിവസം 10 മുതല്‍ 15 കോടി വരെയാണ് കെഎസ്ഇബി നല്‍കുന്നത്. ഇത് വലിയ ബാധ്യതയിലേക്ക് ബോര്‍ഡിനെ കൊണ്ടെത്തിക്കും.

വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കുന്നതെങ്കിലും നിരക്ക് വര്‍ധന ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അജന്‍ഡയിലില്ല. ബുധനാഴ്ചത്തെ ഉന്നതതല യോഗത്തിലും ഇത് ചര്‍ച്ച ചെയ്യില്ല. നിരക്ക് വര്‍ധിപ്പിക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാരിനോ ബോര്‍ഡിനോ ഇല്ല. അത് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അധികാരമാണ്. കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കേണ്ടിയിരുന്ന നിരക്കുവര്‍ധന നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്. ഈ കേസ് വിധി വന്നാല്‍ത്തന്നെ റെഗുലേറ്ററി കമീഷനാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. വൈദ്യുതി സര്‍ചാര്‍ജുതന്നെ പരമാവധി 20 പൈസ ഈടാക്കാനേ കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളൂ. നിലവില്‍ 19 പൈസയാണ് കെഎസ്ഇബി ഈടാക്കുന്നത്.

ആഗസ്തില്‍ 90 ശതമാനം മഴക്കുറവ്

കാലവര്‍ഷം തകര്‍ത്തുപെയ്യേണ്ട ആഗസ്തില്‍ ഇതുവരെ ലഭിച്ചത് 25.1 മില്ലീമീറ്റര്‍ മഴമാത്രം. 90 ശതമാനമാണ് കുറവ്. ആഗസ്ത് ഒന്നുമുതല്‍ 15 വരെ സംസ്ഥാനത്ത് ശരാശരി 254.6 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. പോയവര്‍ഷം 326 മില്ലീമീറ്ററും 2019ല്‍ 686.2 മില്ലീമീറ്ററും കിട്ടി. പ്രധാന കാലവര്‍ഷ സമയമായ ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 15 വരെ 44 ശതമാനം മഴയുടെ കുറവുണ്ട്.

ഇടുക്കിയിലാണ് ഏറ്റവും കുറവ്. 60 ശതമാനം. വയനാട്ടില്‍ 55 ശതമാനത്തിന്റെയും കോഴിക്കോട്ട് 53 ശതമാനത്തിന്റെയും കുറവാണ്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടര്‍ന്നും മഴ ലഭിച്ചില്ലെങ്കില്‍ വലിയ വരള്‍ച്ചയിലേക്ക് സംസ്ഥാനം നീങ്ങും.

spot_img

Related news

ഫ്യൂസ് ഊരല്‍ എളുപ്പമാകില്ല, കെഎസ്ഇബിയുടെ പുതിയ പദ്ധതി ഒക്ടോബര്‍ മുതൽ

ദിവസേനയുള്ള ജീവിത തിരക്കുകള്‍ക്കിടയില്‍ പല കാര്യങ്ങളും നമ്മള്‍ മറന്ന് പോകാറുണ്ട്. അത്തരത്തില്‍...

കൂറ്റനാട് ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ ‘തിരുവരങ്ങ്’ ബീന ആര്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്‌: ശ്രീപതി എഞ്ചിനീയറിങ് കോളേജില്‍ 2024-28 ബാച്ച് വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട...

പാചകവാതക സിലിണ്ടറിന് വീണ്ടും വിലകൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വിലകൂട്ടി. 19 കിലോഗ്രാമിന്റെ സിലിന്‍ഡറിന്...

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി...