സ്ത്രീകള്‍ അമ്മായിയമ്മയുടെയോ അമ്മയുടെയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊട്ടാരക്കര സ്വദേശിനി തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം.
ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നതു കേള്‍ക്കാന്‍ കുടുംബകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നും ഭര്‍ത്താവ് വാദിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളി. ഹര്‍ജിക്കാരിയും ഇതു സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാന്‍ കഴിയൂ എന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. അവര്‍ക്ക് സ്വന്തമായി ഒരു മനസ്സുണ്ടെന്ന് തിരിച്ചറിയണമെന്ന് അഭിപ്രായപ്പെട്ട സിംഗിള്‍ ബെഞ്ച് ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍നിന്ന് തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റാന്‍ അനുവദിച്ചു.
ആദ്യം നല്‍കിയ വിവാഹമോചനഹര്‍ജി തൃശ്ശൂര്‍ കുടുംബകോടതി തള്ളിയിരുന്നു. തര്‍ക്കങ്ങള്‍ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചുജീവിക്കാന്‍ നിര്‍ദേശിച്ചായിരുന്നു ഹര്‍ജി തള്ളിയത്. കുടുംബകോടതിയുടെ നിര്‍ദേശം പുരുഷാധിപത്യസ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.