കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പൂർത്തിയായി. എന്നാൽ റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ കനത്ത അക്രമം അരങ്ങേറി.
പ്രതിഷേധവുമായി എത്തിയ സിപിഐഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ പൂർണ്ണമായി അടിച്ചുതകർത്തു. ഇഡി സംഘത്തിന്റെ കാറുകൾ വളഞ്ഞ പ്രവർത്തകർ പിണറായി വിജയന്റെ വീട്ടിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. കനത്ത പോലീസ് സുരക്ഷയിലാണ് നിലവിൽ പ്രദേശത്തെ സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് പിണറായി വിജയന്റെ വീടുകളിൽ ഒരേസമയം ഇഡി റെയ്ഡ് ആരംഭിച്ചത്. പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യമുക്കിലെ വീട്ടിലെ പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം നേരത്തെ മടങ്ങിയിരുന്നു. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡിയുടെ മഹസറിൽ വ്യക്തമാക്കുന്നുണ്ട്. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധനയും പൂർത്തിയാക്കി ഇഡി സംഘം മടങ്ങി
കണ്ണൂർ പാണ്ഡല്യമുക്കിലെ വീട്ടിൽ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ കൂകിവിളിച്ചാണ് നേരിട്ടത്. പ്രവർത്തകരുടെ കനത്ത പ്രതിഷേധം കാരണം ഏറെ നേരം ഉദ്യോഗസ്ഥർക്ക് അവിടെനിന്ന് മടങ്ങാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ജില്ലയിലെ മുതിർന്ന നേതാക്കളോട് ഉദ്യോഗസ്ഥർക്ക് മടങ്ങാനുള്ള വഴിയൊരുക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. പ്രവർത്തകർ വീടിന് മുന്നിൽ നിന്ന് പിന്തിരിഞ്ഞു പോകണമെന്ന് സിപിഐഎം നേതാവ് എം.വി. ജയരാജൻ ആവശ്യപ്പെട്ടു. ആദ്യം കണ്ണൂരിലെ പിണറായിയുടെ വീടിന് മുന്നിലാണ് പ്രതിഷേധം ആരംഭിച്ചതെങ്കിലും പിന്നീട് ഇത് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിലേക്ക് മാറുകയായിരുന്നു.




