മലപ്പുറം: വീട്ടുമുറ്റത്തെ മരത്തിൽ നിന്ന് വീണ പതിനൊന്നുകാരന്റെ കൈപ്പത്തിയിൽ തുളഞ്ഞുകയറിയ ഇരുമ്പുകമ്പി ശസ്ത്രക്രിയയിലൂടെ കോട്ടക്കൽ ആസ്റ്റർ മിംസിൽ വിജയകരമായി നീക്കം ചെയ്തു. മരത്തിൽ നിന്ന് കാൽ വഴുതി വീണ കുട്ടിയുടെ കൈപ്പത്തിയിൽ ഗേറ്റിലെ കൂർത്ത കമ്പി തുളഞ്ഞുകയറുകയായിരുന്നു.
കോട്ടക്കൽ ആസ്റ്റർ മിംസിലെ പ്ലാസ്റ്റിക് സർജൻ ഡോ. ഫിറാസ് മുഹമ്മദ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഞരമ്പുകൾക്കും എല്ലുകൾക്കും ഇടയിലൂടെ തുളച്ച് കയറിയ കമ്പി അതി സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് പരുക്കേറ്റ ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കുകയും ചെയ്തു.
കോട്ടക്കലിൽ സ്വർണപ്പണി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകനാണ് അപകടത്തിൽപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുട്ടി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. വിദഗ്ധ ചികിത്സയും ഡോക്ടർമാരുടെ സമയോചിത ഇടപെടലുമാണ് തന്റെ മകനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.




