താനൂർ : ബൂത്തിലെ ആദ്യ വോട്ടറായി വോട്ട് ചെയ്ത മദ്റസ അധ്യാപകൻ വീട്ടിലെത്തിയതിന് പിന്നാലെ തളർന്ന് വീണ് മരിച്ചു. പൊന്നാനി ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന നിറമരുതൂരിലാണ് സംഭവം. വള്ളിക്കാഞ്ഞിരം സ്വദേശി ആലിക്കാനകത്ത് സിദ്ധീഖാണ് മരണപ്പെട്ടത്. നിറമരുതൂർ വള്ളിക്കാഞ്ഞിരം സ്കൂളിലെ 139 ആം നമ്പർ ബൂത്തിലായിരുന്നു 63 കാരനായ സിദ്ധീക്ക് മൗലവിയുടെ വോട്ട് . ഇവിടെ ആദ്യ വോട്ടറായി സമ്മതിദാന അവകാശം വിനിയോഗിച്ചിരുന്നു. വളരെ നേരത്തെ ബൂത്തിലെത്തിയാണ് ആദ്യ വോട്ടറായത്. ബൂത്തിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ തളർന്ന് വീഴുകയും മരണപ്പെടുകയുമായിരുന്നു.
ഫാത്തിമയാണ് ഭാര്യ. മുനീർ (ദുബായ് ), ആയിഷ, ലുക്മാൻ (ദുബായ് ), സാബിറ എന്നിവർ മക്കളും ഗഫൂർ (സൗദിഅറേബ്യ), ഷറഫുദ്ദീൻ (ദുബായ് ). ഫെബീന, ഷുഹൈല (പൂക്കയിൽ) എന്നിവർ മരുമക്കളുമാണ്. പരേതരായ ബീരാൻകുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് ), താജുദ്ദീൻ (അബുദാബി). കുഞ്ഞീമ്മ,നഫീസ (കാരത്തൂർ ) എന്നിവർ സഹോദരങ്ങളാണ്. മൗലവിയുടെ ഖബറടക്കം വെള്ളിയാഴ്ച രാത്രി 8 30 ന് ) വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും.