ഉത്തര്‍പ്രദേശ് : ആരാധനാലയങ്ങളില്‍ നിന്ന് പതിനായിരത്തിലേറെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 35,221 ലൗഡ് സ്പീക്കറുകളുടെ ശബ്ദം കുറപ്പിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. ആരാധനാലയങ്ങള്‍ക്കു സമീപമുള്ളവര്‍ക്ക് ശബ്ദമലിനീകരണം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച തൊഴിലാളികള്‍ പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നു.
പുതിയ ഇടങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 12 സോണുകളായി തിരിച്ചായിരുന്നു നടപടി. ലഖ്‌നൗ സോണില്‍(2395)നിന്നാണ് ഏറ്റവും കൂടുതല്‍ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തത്. ഗോരഖ്പൂര്‍(1788), വാരണാസി(1366), മീറത്ത്(1204), പ്രയാഗ് രാജ്(1204) എന്നിങ്ങനെയാണ് മറ്റ് സോണുകളില്‍ നിന്ന് നീക്കം ചെയ്ത ലൗഡ് സ്പീക്കറുകളുടെ എണ്ണം.
രാജ്യത്ത് ആദ്യമായി കഴിഞ്ഞദിവസം മഹാരാഷ്ട്രയിലാണ് പള്ളികളിലെ ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന രംഗത്തെത്തിയത്. ഇതിനു പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന ആവശ്യം ഉയരുകയുണ്ടായി.