കൊല്ലം: പെരുമ്പുഴയിൽ ബാർ ഹോട്ടൽ മാനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഫൈസൽ, നിഹാൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പെരുമ്പുഴയിലെ ഹരിശ്രീ റെസിഡൻസിയിലെ മാനേജരായ അൽത്താഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. റൂം വേണമെന്ന ആവശ്യവുമായി ഹോട്ടലിലെത്തിയ പ്രതികൾ മാനേജർ അൽത്താഫിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുൻവൈരാഗ്യത്തിന്റെ പേരിൽ ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അറസ്റ്റിലായ ഫൈസലിനൊപ്പം ഉണ്ടായിരുന്ന ക്രിമിനൽ കേസ് പ്രതിയായ കൊള്ളി നിയാസിനെയും മറ്റൊരു കേസിൽ പൊലീസ് പിടികൂടിയിട്ടുണ്ട്. ഹരിശ്രീ റെസിഡൻസിയിലെ ആക്രമണത്തിലും നിയാസിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
കേസിൽ ഹോട്ടലിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ നിർണായകമായിട്ടുണ്ട്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.




