പത്തനംതിട്ട: മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരു കോടതിക്കും തന്നെ ശിക്ഷിക്കാനാകില്ലെന്നും കേസിൽ ലഭിച്ച പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുകയാണെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും ലഭിച്ചില്ലെന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിക്ക് അനുകൂലമായി നടത്തിയ പരാമർശത്തെ ചിലർ യു-ടേൺ എന്ന് വിശേഷിപ്പിക്കുന്നുണ്ടെന്നും അവർക്ക് അങ്ങനെ പറയാമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. പ്രതിപക്ഷത്തിരുന്ന വി.ഡി. സതീശനല്ല ഇപ്പോഴത്തെ സതീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിലെ വിശദീകരണം നേരിട്ട് ബോധിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. എസ്. ശശിധരൻ ഹൈക്കോടതിയിൽ ഹാജരായി. നടപടികൾ പൂർത്തിയാക്കാൻ ഇത്രയും കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവമാണോ, ഭയമാണോ അതോ മറ്റാരെങ്കിലും പിന്നിൽനിന്ന് വലിക്കുന്നുണ്ടോയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുന്നുണ്ടെന്നും ചില കേസുകളിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമായ സാഹചര്യമുണ്ടെന്നും എസ്. ശശിധരൻ വിശദീകരിച്ചു. അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണ ചുമതല കൂടി നിർവഹിക്കേണ്ടതുണ്ടെന്നും തിരക്കുകൾ കാരണമാണ് കാലതാമസമുണ്ടായതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കുറ്റപത്രം തൃപ്തികരമായ രീതിയിൽ തയ്യാറാക്കി സമർപ്പിക്കാൻ സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണ ഉദ്യോഗസ്ഥനെ ന്യായീകരിച്ച് സർക്കാർ അഭിഭാഷകനും കോടതിയിൽ നിലപാടെടുത്തു. മികച്ച ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണ് എസ്. ശശിധരനെന്നും ദിവസവും നാലുമണിക്കൂർ മാത്രമാണ് ഉറങ്ങാൻ കഴിയുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
രണ്ടുദിവസത്തിനകം എട്ട് കേസുകളുടെ കുറ്റപത്രം സമർപ്പിക്കണമെന്ന നിർദേശം പ്രായോഗികമല്ലെന്നും വിഷയത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് ഒരാഴ്ചയ്ക്കകം ഒരു കേസിലെങ്കിലും കുറ്റപത്രം സമർപ്പിക്കണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു. ഹർജി ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ആറുവർഷമായി തുടരുന്ന മൈക്രോ ഫിനാൻസ് കേസിലെ അന്വേഷണ പുരോഗതിയും കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസവും വീണ്ടും ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരിക്കുകയാണ്.




