മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍ . നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതം തുടരുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍.
ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.
തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.