ഓണക്കാലത്ത് തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പോകാനും വരാനും ജില്ലയിലെ സ്‌റ്റേഷനുകളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് കിട്ടാനില്ല. തിരുവനന്തപുരത്തു നിന്നുള്ള വണ്ടികളിലെല്ലാം 25 മുതല്‍ 27 വരെ ടിക്കറ്റ് കിട്ടാത്ത തരത്തില്‍ വെയ്റ്റ് ലിസ്റ്റ് ആയിട്ടുണ്ട്. ജനശതാബ്ദികളില്‍ പോലും തിരൂരിലേക്ക് ടിക്കറ്റില്ല. തിരൂരില്‍ നിന്ന്
തിരുവനന്തപുരത്തേക്കുള്ള 2 ജനശതാബ്ദി എക്‌സ്പ്രസുകളിലും 25 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ വലിയ വെയ്റ്റ് ലിസ്റ്റാണുള്ളത്. തിരൂരില്‍ നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടികളിലും 25 മുതല്‍ ടിക്കറ്റുകളില്ല. മംഗളൂരുവില്‍ നിന്ന് തിരിച്ചും ഇതേ സ്ഥിതിയാണ്. അതേ സമയം പനവേലില്‍ നിന്ന് നാഗര്‍കോവിലിലേക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചെങ്കിലും ഇത് കാര്യമായി ഉപയോഗപ്പെടുന്നില്ലെന്നാണു യാത്രക്കാര്‍ പറയുന്നത്.
22നും 29നും സെപ്റ്റംബര്‍ 5നുമാണ് നാഗര്‍കോവിലില്‍ നിന്ന് പനവേലിലേക്കു ട്രെയിന്‍ പോകുന്നത്. ഇതില്‍ ഓണത്തിനു ഏറെ മുന്‍പ് 22 ന് ഓടുന്ന ട്രെയിന്‍ ഉപയോഗത്തില്‍ പെടില്ല. അടുത്ത സര്‍വീസ് തിരുവോണ ദിവസമാണ്. ഇതും കാര്യമായി ഉപയോഗിക്കാനാകില്ല. സെപ്റ്റംബര്‍ 5നുള്ള ട്രെയിന്‍ മടക്കയാത്രയ്ക്കു പോകാന്‍ ഉപകരിക്കും. പനവേലില്‍ നിന്ന് തിരിച്ച് 24നും ഓണം കഴിഞ്ഞുള്ള 31നും സെപ്റ്റംബര്‍ 7നുമാണ് വണ്ടിയുള്ളത്. ജില്ലയില്‍ തിരൂരില്‍ മാത്രമാണ് സ്‌റ്റോപ്പുള്ളത്. താംബരത്തു നിന്ന് 22നും 29നും സെപ്റ്റംബര്‍ 5നും ഒരു സ്‌പെഷല്‍ ട്രെയിന്‍ ഓടുന്നുണ്ട്. 23, 30, സെപ്റ്റംബര്‍ 6 എന്നീ തീയതികളില്‍ ഇത് തിരിച്ചും പോകും.