റാന്നിയില്‍ ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ വീട്ടില്‍ക്കയറി വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ യുവാവ് പൊലീസ് നിരീക്ഷണത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. കീക്കൊഴൂര്‍ മലര്‍വാടി ജംക്ഷന് സമീപം ഇരട്ടപ്പനയ്ക്കല്‍ രജിതമോളെ (27) കൊലപ്പെടുത്തിയ കേസില്‍ റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുല്‍ സത്യനാണ് (29) റാന്നി പൊലീസിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ കഴിയുന്നത്.
ശനിയാഴ്ച രാത്രി 8നാണ് വീട്ടില്‍ അതിക്രമിച്ചുകയറിയ അതുല്‍ രജിതമോളെ വെട്ടിയത്. തടസ്സം പിടിക്കാനെത്തിയ രജിതയുടെ മാതാപിതാക്കളായ വി.എ.രാജു (60), ഗീത (51), സഹോദരി അപ്പു (18) എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. അതുലിനെ ഇന്നലെ രാവിലെ തട്ടേക്കാടിനു സമീപം ആളൊഴിഞ്ഞ പഴയ വീട്ടില്‍ നിന്നാണ് പിടികൂടിയത്. ആക്രമണത്തിനിടെ അതുലിന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. പിടികൂടുമ്പോള്‍ അവശ നിലയിലായിരുന്നു ഇയാള്‍. മറ്റൊരു കൊലപാതകത്തിനും കഞ്ചാവ് കടത്തലിനും അതുല്‍ മുന്‍പ് അറസ്റ്റിലായിട്ടുണ്ട്.
രാജുവിന്റെ ഇടതുകൈയ്ക്കും കക്ഷത്തിന് താഴെയും ഗീതയുടെ കൈകള്‍ക്കും അപ്പുവിന്റെ ഇടതു കൈയ്ക്കും മുറിവേറ്റു. ഇവരെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രജിതമോളും അതുലും വര്‍ഷങ്ങളായി ഒന്നിച്ചാണ് താമസിച്ചിരുന്നതെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ഇവര്‍ക്ക് നാലും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ട്.