ഒന്നരവര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി ഭാര്യയുടെ മൊഴി. 2021 നവംബര്‍ നാലിന് വഴക്കിനെ തുടര്‍ന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദി(36)നെ കൊന്ന കേസില്‍ ഭാര്യ അഫ്‌സന(25)യെ അറസ്റ്റ്‌ചെയ്തു. മകനെ കാണാനില്ലെന്ന് നൗഷാദിന്റെ അച്ഛന്‍ വണ്ടാനിമഠം പടിഞ്ഞാറ്റേതില്‍ അഷറഫ് പൊലീസിന് നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
ഇവര്‍ വാടകയ്ക്ക് താമസിച്ച വടക്കടത്തുകാവ് പരുത്തിപ്പാറ വീടും പരിസരവും പൊലീസ് പരിശോധിച്ചെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല. സുഹൃത്തായ യുവതിയുടെ സഹായത്തോടെയാണ് മൃതദേഹം മാറ്റിയതെന്ന മൊഴിയെ തുടര്‍ന്ന് അവരെയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയില്‍ ഭര്‍ത്താവ് നൗഷാദിനെ കണ്ടതായി ചോദ്യം ചെയ്യലിനിടയില്‍ അഫ്‌സന പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിസരത്തെ സിസിടിവികള്‍ പരിശോധിച്ചെങ്കിലും നൗഷാദിനെ കണ്ടെത്താനായില്ല.
മൂന്നുമാസം മാത്രമാണ് ഇവര്‍ വാടകവീട്ടില്‍ താമസിച്ചതെന്നും ഭാര്യയും ഭര്‍ത്താവും എന്നും വഴക്കായതിനാല്‍ വീട് ഒഴിയാന്‍ ആവശ്യപ്പെട്ടെന്നും വീട്ടുടമ പറഞ്ഞു.
കോന്നി ഡിവൈഎസ്പി രാജപ്പന്‍ റാവുത്തരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.