തിരൂരങ്ങാടിയില്‍ പ്രാവിനെ പിടിക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂര്‍ മൂച്ചിക്കല്‍ കാരാടന്‍ മുസ്തഫ– മൈമൂന എന്നിവരുടെ മകന്‍ സല്‍മാനുല്‍ ഫാരിസ് (18) ആണ് മരിച്ചത്. പുകയൂര്‍ പോസ്റ്റ് ഓഫിസ് കെട്ടിടത്തിലാണ് സംഭവം. പുകയൂര്‍ അങ്ങാടിയിലെ പികെ ഫ്രൂട്‌സ്, ചിക്കന്‍ കടയിലെ ജീവനക്കാരനാണ് സല്‍മാന്‍ ഫാരിസ്. ഇതോടൊപ്പം പ്രാവിനെയും വളര്‍ത്തുന്നുണ്ട്. കാണാതായ പ്രാവിനെ തൊട്ടടുത്ത കെട്ടിടത്തില്‍ കണ്ടപ്പോള്‍ അതിനെ പിടിക്കാന്‍ കയറിയതായിരുന്നു.
ഇതിനിടെ വൈദ്യുത ലൈന്‍ കഴുത്തില്‍ തട്ടി ഷോക്കേറ്റ് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രാന്‍സ്‌ഫോമറില്‍ നിന്ന് പോകുന്ന ലൈനാണ്. പള്ളിയില്‍ നിന്നിറങ്ങുന്നവരാണ് താഴെ വീണ നിലയില്‍ കണ്ടത്. ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ : സഫ്‌വാന്‍, സഹീര്‍, സിനാന്‍. കബറടക്കം ഇന്ന് പാലപ്പെട്ടി പാറ കൊയപ്പ ചിനക്കല്‍ ജുമാ മസ്ജിദില്‍.