അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു ; ആഗസ്തില്‍ 90 ശതമാനം മഴക്കുറവ്

പ്രതീക്ഷിച്ച മഴ ലഭിക്കാതെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ അധിക വൈദ്യുതി ഉല്‍പ്പാദനം അസാധ്യമായതും പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ ദിവസവും 15 കോടി രൂപവരെ ചെലവഴിക്കേണ്ട അസാധാരണ സാഹചര്യവും വിലയിരുത്താന്‍ ബുധനാഴ്ച അവലോകനയോഗം ചേരും. സെക്രട്ടറിയറ്റില്‍ വൈകിട്ട് നാലിന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് യോഗം വിളിച്ചത്.

കെഎസ്ഇബി നിയന്ത്രണത്തിലുള്ള അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ ശരാശരി 37 ശതമാനം വെള്ളമാണുള്ളത്. ഇടുക്കിയില്‍ 32 ശതമാനമായി താഴ്ന്നു. സാധാരണ ആഗസ്തില്‍ അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനയിരുന്നു. മഴക്കാലത്ത് അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഇതര സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നിടത്താണ് ഉല്‍പ്പാദനത്തില്‍ വലിയ കുറവുണ്ടാകുന്ന അസാധാരണ സാഹചര്യം. ദിവസവും പവര്‍ എക്‌സ്‌ചേഞ്ചില്‍നിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്. ഇങ്ങനെ വാങ്ങുമ്പോള്‍ അതതു ഘട്ടത്തില്‍ത്തന്നെ പണം കൈമാറണം. ദിവസം 10 മുതല്‍ 15 കോടി വരെയാണ് കെഎസ്ഇബി നല്‍കുന്നത്. ഇത് വലിയ ബാധ്യതയിലേക്ക് ബോര്‍ഡിനെ കൊണ്ടെത്തിക്കും.

വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കുന്നതെങ്കിലും നിരക്ക് വര്‍ധന ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അജന്‍ഡയിലില്ല. ബുധനാഴ്ചത്തെ ഉന്നതതല യോഗത്തിലും ഇത് ചര്‍ച്ച ചെയ്യില്ല. നിരക്ക് വര്‍ധിപ്പിക്കുമെന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാരിനോ ബോര്‍ഡിനോ ഇല്ല. അത് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അധികാരമാണ്. കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കേണ്ടിയിരുന്ന നിരക്കുവര്‍ധന നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്. ഈ കേസ് വിധി വന്നാല്‍ത്തന്നെ റെഗുലേറ്ററി കമീഷനാണ് അത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. വൈദ്യുതി സര്‍ചാര്‍ജുതന്നെ പരമാവധി 20 പൈസ ഈടാക്കാനേ കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളൂ. നിലവില്‍ 19 പൈസയാണ് കെഎസ്ഇബി ഈടാക്കുന്നത്.

ആഗസ്തില്‍ 90 ശതമാനം മഴക്കുറവ്

കാലവര്‍ഷം തകര്‍ത്തുപെയ്യേണ്ട ആഗസ്തില്‍ ഇതുവരെ ലഭിച്ചത് 25.1 മില്ലീമീറ്റര്‍ മഴമാത്രം. 90 ശതമാനമാണ് കുറവ്. ആഗസ്ത് ഒന്നുമുതല്‍ 15 വരെ സംസ്ഥാനത്ത് ശരാശരി 254.6 മില്ലീമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. പോയവര്‍ഷം 326 മില്ലീമീറ്ററും 2019ല്‍ 686.2 മില്ലീമീറ്ററും കിട്ടി. പ്രധാന കാലവര്‍ഷ സമയമായ ജൂണ്‍ ഒന്നുമുതല്‍ ആഗസ്ത് 15 വരെ 44 ശതമാനം മഴയുടെ കുറവുണ്ട്.

ഇടുക്കിയിലാണ് ഏറ്റവും കുറവ്. 60 ശതമാനം. വയനാട്ടില്‍ 55 ശതമാനത്തിന്റെയും കോഴിക്കോട്ട് 53 ശതമാനത്തിന്റെയും കുറവാണ്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടര്‍ന്നും മഴ ലഭിച്ചില്ലെങ്കില്‍ വലിയ വരള്‍ച്ചയിലേക്ക് സംസ്ഥാനം നീങ്ങും.

spot_img

Related news

ചൂടില്‍ നിന്ന് ആശ്വാസം; സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത

കനത്ത ചൂടിനിടെ സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മൂന്ന്...

കണ്ടെത്തിയത് 10 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍; 17,500 രൂപ പിഴ

ആലപ്പുഴ: മാര്‍ച്ച് 31 ന് സംസ്ഥാനത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി...

സാമ്പത്തിക തര്‍ക്കം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ സുഹൃത്തിനെ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തി അസം സ്വദേശി

മലപ്പുറം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്തി. കൊണ്ടോട്ടി കിഴിശ്ശേരിയിലാണ്...

പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്; 3 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ 3 പ്രതികള്‍ കുറ്റക്കാരെന്ന്...

തമിഴ്‌നാട് വഴി കേരളത്തിലേക്ക്; എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍....