മലപ്പുറം: വാഴക്കാട് ഭര്‍തൃവീടിനു മുകളിലെ ടെറസില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാര്‍. കഴിഞ്ഞ ദിവസം രാവിലെയാണ് ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നിസയെ വീടിന് മുകളില്‍ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വാഴക്കാട് ചെറുവട്ടൂര്‍ നെരോത്ത് മുഹിയുദ്ദീന്റെ ഭാര്യ പുതാടമ്മല്‍ നജ്മുന്നിസയെയാണ് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. നോമ്പ് തുറക്കാന്‍ പിതാവിന്റെ തറവാട് വീട്ടിലേക്ക് പോയ നജ്മുന്നിസ രാത്രിയോടെ വീടിന് ടെറസ്സിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തെിയെന്നാണ് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയത്.
നജ്മുന്നിസ മരിച്ച വിവരം ഭര്‍ത്താവ് മൊയ്തീന്‍ നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചതില്‍ യുവതിയുടെ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. കുടുംബ പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ യുവതി പിതാവിനോടൊപ്പം താമസിച്ച് വരികയായിരുന്നു.രാത്രി 7 മണി മുതല്‍ 3.30 വരേ നജ്മുന്നിസ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. സ്ഥലത്ത് ഡോഗ്സ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവസ്ഥലത്ത് തെളിവ് നശിപ്പിക്കുന്നതിനായി മുളക്പൊടി വിതറിയതായി കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂ. ഭര്‍ത്താവ് മൊഹിയുദ്ദിനും സുഹൃത്തുക്കളായ രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വാഴക്കാട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.